ചില മേഖലകളില്‍ ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍
ന്യൂഡല്‍ഹി: ത്രിപുരയില്‍ വോട്ടെടുപ്പ് തുടങ്ങി. അറുപത് സീറ്റുകളിലേക്കാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 28 ലക്ഷത്തോളം വോട്ടര്‍മാരുള്ള സംസ്ഥാനത്ത് 3,327 പോളിംഗ് സ്റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്. ബി.ജെ.പി, സി.പി.എം-കോണ്‍ഗ്രസ് സഖ്യം, തിപ്ര മോത എന്നീ പാര്‍ട്ടികള്‍ തമ്മിലാണ് സംസ്ഥാനത്ത് പ്രധാന മത്സരം. ത്രികോണ മത്സരം നടക്കുന്ന സംസ്ഥാനത്ത് ചില മേഖലകളില്‍ ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബിശാല്‍ഘട്ടിലും ബെലോനിയയിലുമാണ് ഇന്നലെ രാത്രി സംഘര്‍ഷമുണ്ടായത്.
സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 400 കമ്പനി സി.എ.പി.എഫ് , 9000 ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ് , 6000 പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. അയല്‍ സംസ്ഥാനങ്ങളായ അസമിലേക്കും മിസോറാമിലേക്കുമുള്ള അതിര്‍ത്തികള്‍ കഴിഞ്ഞദിവസം അടച്ചിരുന്നു. 3,327 പോളിംഗ് സ്റ്റേഷനുകളില്‍ 1,128 എണ്ണത്തെ പ്രശ്‌നബാധിതമായും 240 എണ്ണത്തെ അതീവ പ്രശ്‌നബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ഏഴുമുതല്‍ വൈകീട്ട് നാലുവരെയാണ് വോട്ടെടുപ്പ്. അധികാരം നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. എന്നാല്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് ഭരണം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സി.പി.എം.