തലശ്ശേരി: പുതുമകളെ പുല്‍കാനും, വാക്കുകള്‍ക്കുമപ്പുറം കര്‍മത്തിന് പ്രാമുഖ്യം നല്‍കാനുമുള്ള ഒരു നാടിന്റെ സവിശേഷതയും ഭരണ സമിതിയുടേയും ജീവനക്കാരുടേയും ഏക മനസുമാണ് ജില്ലാ തലത്തില്‍ ഇരട്ട ബഹുമതികള്‍ കരസ്ഥമാക്കാന്‍ കതിരൂര്‍ ഗ്രാമപഞ്ചായത്തിന് കരുത്തേകിയതെന്ന് പ്രസിഡന്റ് പി.പി.സനില്‍ പറഞ്ഞു. നവീനാശയങ്ങളിലൂടെ സംസ്ഥാനത്തിന് മാതൃകയായ കതിരൂര്‍ പഞ്ചായത്തിന് ജില്ലയില്‍ മികച്ച പ്രവര്‍ത്തനത്തിനുള്ള സ്വരാജ്‌ട്രോഫിയും, മഹാത്മാ പുരസ്‌കാരവുമാണ് പ്രവര്‍ത്തന മികവിനുള്ള കീര്‍ത്തി മുദ്രയായി കൈവന്നത്. നികുതി പിരിവിലും , പദ്ധതി തുക വിനിയോഗത്തിലും നൂറ് ശതമാനം നേട്ടവുമായാണ് പഞ്ചായത്ത് ജില്ലാതലത്തില്‍ ഇരട്ട ബഹുമതിക്ക് അര്‍ഹമായത്.
വനിതകള്‍ക്ക് ജിംനേഷ്യം, അറുപത് കഴിഞ്ഞ അമ്മമാര്‍ക്ക് പിറന്നാള്‍ ആഘോഷിക്കാന്‍ പ്രത്യേക പദ്ധതി, സ്ത്രീകളുടെ ശാരീരികവും മാനസികവുമായ കരുത്ത് വര്‍ധിപ്പിക്കുന്നതിനുള്ള ‘ബ്രേവ്’ തുടങ്ങി വ്യത്യസ്തമായ നിരവധി പദ്ധതികള്‍ പഞ്ചായത്ത് നടപ്പാക്കി. സംസ്ഥാനത്ത് ആദ്യമായി ജലസംരക്ഷണ പ്രവര്‍ത്തനത്തിന് തോട്‌സഭ എന്ന ആശയത്തിന് തുടക്കം കുറിച്ചതും കതിരൂരിലാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആയിരത്തിലധികം റിങ്ങ് കമ്പോസ്റ്റാണ് വീടുകളില്‍ വിതരണം ചെയ്തത്. പ്ലാസ്റ്റിക് മാലിന്യ വില്‍പ്പനയിലൂടെ ലഭിക്കുന്ന തുകയുടെ വിഹിതം ക്യാന്‍സര്‍ രോഗികള്‍ക്കും കരുതലായി. ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ക്ക് നൂറ് തൊഴില്‍ ദിനം നല്‍കിയതും ജലസംരക്ഷണത്തിന് നടപ്പാക്കിയ വിവിധ പ്രവര്‍ത്തനങ്ങളുമാണ് മഹാത്മാ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.