കോഴിക്കോട്: അബുദാബിയില്‍ നടക്കുന്ന അബ്രഹാമിക ഫാമിലി ഹൗസ് ഉദ്ഘാടനത്തിലും സഹിഷ്ണുതാ സമ്മേളനത്തിലും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധിയായി മര്‍കസ് പ്രോ- ചാന്‍സിലര്‍ ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട് പങ്കെടുക്കും. അബ്രഹാമിക മതങ്ങള്‍ക്കിടയില്‍ സാഹോദര്യവും സഹവര്‍ത്തിത്വവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുബൈ കേന്ദ്രമായി അബ്രഹാമിക് ഫാമിലി ഹൗസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
വിദ്യാഭ്യാസ- സാംസ്കാരിക കേന്ദ്രങ്ങളും വിവിധ മതങ്ങളുടെ ആരാധനാലയങ്ങളും ഉള്‍കൊള്ളുന്ന ഹൗസിന്റെ ഫെബ്രുവരി 16ന് നടക്കുന്ന ഉദ്ഘാടനത്തിലും ഫെബ്രുവരി 17 നു നടക്കുന്ന മത-സംസ്കാരിക സമ്മേളനത്തിലും ഡോ. ഹുസൈന് സഖാഫി പങ്കെടുക്കും. യു.എ.ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന് മുബാറക് അല്‍ നഹ്യാന് മുഖ്യ പ്രഭാഷണം നടത്തുന്ന സമ്മേളനത്തില്‍ വ്യത്യസ്ത മതസാമൂഹിക വിഭാഗങ്ങളെ പ്രതിനിധീകരിച്ച് വിവിധ രാഷ്ട്രങ്ങളിലെ പണ്ഡിതരും നയതന്ത്രജ്ഞരും പങ്കെടുക്കും. അബ്രഹാമിക മത കുടുംബങ്ങളുടെ ചരിത്രം, കലയും സംസ്കാരവും നാഗരികതകളെ നിര്‍മിക്കുന്ന വിധം, സാംസ്കാരിക സാഹോദര്യം ശക്തിപ്പെടുത്തുന്നതില്‍ യുവാക്കളുടെ പങ്ക് തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.