കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും വിമര്‍ശനം നടത്തുന്ന പത്ര ദൃശ്യമാധ്യമങ്ങളെ ഭയപ്പെടുകയും അവരെ നിശബ്ദരാക്കാന്‍ ആദായ നികുതി വകുപ്പടക്കമുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ പറഞ്ഞു. ഭരണകൂട വിമര്‍ശനത്തിന് മാധ്യമ സ്ഥാപനങ്ങളെ വേട്ടയാടുന്നത് മോദി സര്‍ക്കാര്‍ പതിവാക്കിയിരിക്കുകയാണ്. ഇതിന്റെ അവസാനത്തെ തെളിവാണ് ബി.ബി.സിയുടെ ഓഫീസില്‍ നടത്തിയ പരിശോധന. കേന്ദ്രസര്‍ക്കാരിന്റെ ഭരണ പരാജയവും ജനദ്രോഹ നടപടികളും ജനങ്ങളില്‍ എത്തിക്കുന്ന മാധ്യമങ്ങളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി ഭയപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഗുജറാത്ത് വംശഹത്യ തുറന്നുകാട്ടുന്ന ഡോക്യുമെന്ററി പുറത്തിറക്കി ആഴ്ചകള്‍ക്കകം തന്നെയാണ് ബി.ബി.സി ഓഫീസുകളില്‍ ആദായനികുതി പരിശോധന നടത്തിയത്. ഇത് മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള ആക്രമണമാണെന്നും അനു ചാക്കോ കൂട്ടിച്ചേര്‍ത്തു.