കൊച്ചി: ലൈഫ് മിഷന്‍ കോഴയില്‍ ശിവശങ്കറിന്റെ അറസ്‌റ്റോടെ മൂടിവച്ച അഴിമതികളാണ് പുറത്തുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫിസില്‍ സര്‍വധികാരത്തോടെ പ്രവര്‍ത്തിച്ച ആളാണ് കോഴക്കേസില്‍ അറസ്റ്റിലായത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണമെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ പങ്കുണ്ട്. മുഖ്യമന്ത്രിയുടെ കൈകള്‍ ശുദ്ധമെങ്കില്‍ എന്തിനാണ് സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്ത് സുപ്രീം കോടതിയില്‍ പോയതെന്നും അദ്ദേഹം ചോദിച്ചു.
സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കര്‍ പ്രതിയായത്. 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഇ.ഡി കണ്ടെത്തിയത്. ഒരു കോടി രൂപ ശിവശങ്കറിന് നല്‍കിയെന്ന് സ്വപ്‌ന മൊഴി നല്‍കിയിരുന്നു. സരിതിനും സന്ദീപിനുമായി 59 ലക്ഷം നല്‍കി. സന്ദീപിന് ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കിയെന്നും സ്വപ്‌ന മൊഴി നല്‍കിയിട്ടുണ്ട്. ലൈഫ് മിഷന്‍ കോഴ കേസില്‍ എം.ശിവശങ്കര്‍ അഞ്ചാം പ്രതിയാണ്. ലൈഫ് മിഷന്‍ കേസിലെ ആദ്യ അറസ്റ്റാണ് ശിവശങ്കറിന്റേത്. കോഴപ്പണം ശിവശങ്കര്‍ കള്ളപ്പണമായി സൂക്ഷിച്ചതിന് തെളിവുണ്ടെന്നാണ് ഇ.ഡി പറയുന്നത്. സ്വപ്‌നയുടെ രണ്ട് ലോക്കറുകളില്‍ നിന്ന് എന്‍.ഐ.എ പിടികൂടിയ പണം ശിവശങ്കറിനുള്ള കോഴപ്പണമെന്നാണ് സ്വപ്‌ന ഇ.ഡിക്ക് നല്‍കിയ മൊഴി. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ 4.25 കോടി രൂപ കോഴയായി നല്‍കിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും മൊഴി നല്‍കിയിരുന്നു.