ലൈഫ് മിഷന്‍ കോഴക്കേസ്; എം. ശിവശങ്കര്‍ അറസ്റ്റില്‍, തെളിവ് ലഭിച്ചെന്ന് ഇ.ഡി

ലൈഫ് മിഷന്‍ കോഴക്കേസ്; എം. ശിവശങ്കര്‍ അറസ്റ്റില്‍, തെളിവ് ലഭിച്ചെന്ന് ഇ.ഡി

  • അറസ്റ്റിലേക്ക് നയിച്ചത് സ്വപ്‌നയുടെ മൊഴി

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റില്‍. അറസ്റ്റിന് വഴിവച്ചത് സ്വപ്‌നയുടെ മൊഴിയാണ്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിനു വേണ്ടി ശിവശങ്കര്‍ ഹാജരായിരുന്നു. കോഴക്കേസില്‍ ശിവശങ്കറിന്റെ പങ്കിന് തെളിവ് ലഭിച്ചെന്നും ഇ.ഡി വ്യക്തമാക്കി. ലൈഫ് മിഷന്‍ കോഴ ഇടപാടിലെ ആദ്യത്തെ അറസ്റ്റാണ് ഇത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫിസിലായിരുന്നു ചോദ്യം ചെയ്യല്‍. ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഹാജരാക്കുക.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം. ശിവശങ്കറിന്റെ മൂന്നാമത്തെ അറസ്റ്റാണിത് . സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്,ഡോളര്‍ കടത്ത് കേസുകളിലായിരുന്നു നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയത്. വടക്കാഞ്ചേരി ഫ്‌ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കരാര്‍ നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.
യു.എ.ഇയുടെ സഹായത്തോടെ നിര്‍ധനര്‍ക്കായി വടക്കാഞ്ചേരിയില്‍ ഫ്‌ലാറ്റ് നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ യൂണിടാക്കിന് കിട്ടാന്‍ കോഴ വാങ്ങി എന്നതാണ് കേസ്. കരാര്‍ ലഭിക്കാന്‍, 4 കോടി 48 ലക്ഷം രൂപ കോഴയായി നല്‍കിയെന്ന് യൂണിടാക്ക് എം.ഡി സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. ശിവശങ്കറിന്റെ സ്വകാര്യ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്‌ന സുരേഷിന്റെയും പേരിലുള്ള ലോക്കറില്‍നിന്ന് ഒരു കോടി രൂപ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇത് ശിവശങ്കറിനുള്ള കോഴപ്പണമാണെന്ന് സ്വപ്‌ന സുരേഷ് പിന്നീട് മൊഴി നല്‍കിയതും ശിവശങ്കറിന് തിരിച്ചടിയായി.
ഇ.ഡിയുടെ കൊച്ചി ഓഫിസില്‍ വെള്ളി , തിങ്കള്‍ , ചൊവ്വ ദിവസങ്ങളിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 31ന് ആണ് ശിവശങ്കര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചത്. ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിലും ഇ.ഡിയോട് ശിവശങ്കര്‍ സഹകരിച്ചില്ല. ലോക്കറിനെ കുറിച്ച് അറിയില്ലെന്നും ആരോപണങ്ങള്‍ കെട്ടുകഥയാണെന്നും വാദിച്ചു. എന്നാല്‍, ശിവശങ്കറിനെതിരായ കൃത്യമായ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നാണ് ഇ.ഡി പറയുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *