ഹരിതഭംഗി പൂത്ത് നില്‍ക്കുകയും തെളിനീരിന്റെ കൈത്തോട് നിര്‍വിഘ്‌നം ഒഴുകുകയും നിരനിരയായി കുടപിടിച്ച് നില്‍ക്കുന്ന മലനിരകളും അനുഗ്രഹിച്ച വാകയാട് എന്ന വിശാലമായ നെല്‍വയലുകളുടെ ഗ്രാമത്തിലെ എഴുത്തുകാരിയാണ് ലക്ഷ്മി വാകയാട്. ചേനാടത്ത് കുട്ട്യേക്കിണി വൈദ്യരുടേയും തൃക്കോലത്ത് പെണ്ണുക്കുട്ടിയുടേയും അഞ്ചാമത്തെ മകളാണ് ലക്ഷ്മി വാകയാട്. തൃക്കുറ്റിശ്ശേരി യു.പി സ്‌കൂളിലേയും നടുവണ്ണൂര്‍ ഹൈസ്‌കൂളിലേയും പഠനശേഷം ചേളന്നൂര്‍ എസ്.എന്‍.ജി കോളേജില്‍നിന്ന് പ്രീഡിഗ്രിക്ക് സെക്കന്റ് ഗ്രൂപ്പെടുത്തും പൊക്കുന്ന് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്ന് ബി.എസ്.സി രസതന്ത്രമെടുത്തുമാണ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. കവിതകള്‍ ചൊല്ലിയും ഹൈസ്‌കൂള്‍ തലത്തില്‍ കഥകള്‍ക്ക് സമ്മാനം നേടിയും കോളേജ് മാഗസിനുകളില്‍ കഥകളും കവിതകളും പ്രസിദ്ധീകരിച്ച് സാഹിത്യലോകത്തിലേക്കുള്ള കടന്നുവരവ്.
ആദ്യകാല ആനുകാലികങ്ങളായ മിനിരമ ദ്വൈവാരിക, വൈദ്യഭാരതം ആരോഗ്യമാസിക, മനോരാജ്യം ഉള്‍പ്പെടെയുള്ളവയില്‍ എഴുതിത്തുടങ്ങി. പിന്നീട് അഭിരാമം, പ്രദീപം ആഴ്ച്ചപതിപ്പ്, പീപ്പിള്‍സ് റിവ്യൂ പത്രം, പ്രവാസിറിവ്യൂ, മഹിളാവീഥി മാഗസിനുകളിലും ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്. സ്ത്രീപക്ഷ കാഴ്ചപ്പാട് സംബന്ധിച്ച് മാതൃഭൂമിയില്‍ ഒരു ലേഖനവും ഇടംപിടിച്ചിട്ടുണ്ട്. ഗവ.ബി.എസ്.ടി.ഐ ട്രെയിനിങ്ങില്‍ സംസ്ഥാനത്ത് രണ്ടാം റാങ്കോടെ പാസായശേഷം 10 വര്‍ഷം കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍, ക്ഷീരസഹകരണ സംഘം പ്രസിഡന്റ്, വായനാശാല സെക്രട്ടറി, ഗൃഹലക്ഷ്മി വേദിപ്രവര്‍ത്തക എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആദ്യ ചെറുകഥാ സമാഹാരമായ ‘ജീവിതത്തിന്റെ മുറിപ്പാടുകള്‍’ 2022ലാണ് പ്രസിദ്ധീകരിച്ചത്. വായനാലോകം ഈ ഗ്രന്ഥത്തെ ഹൃദ്യമായാണ് വരവേറ്റത്. ‘സ്വപ്‌നകൂടീരം’ എന്ന നോവല്‍ പണിപ്പുരയിലാണ്. രണ്ടാമത്തെ ചെറുകഥാമാഹാരമായ ‘സ്‌നേഹതീരം’ പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സാണ് പ്രസിദ്ധീകരിച്ചത്. എഴുത്ത് ജീവിതമാക്കിയ കഥാകാരിയാണ് ലക്ഷ്മി വാകയാട്. സേവന പ്രവര്‍ത്തന മേഖലയില്‍ നിന്ന് ലഭിച്ച ജീവിതാനുഭവങ്ങളുടെ രേഖാചിത്രം വരക്കുന്ന ലക്ഷ്മി വാകയാട് ആത്മഹര്‍ഷങ്ങളുടെ കഥാകാരിയാണെന്നാണ് സാഹിത്യകാരന്‍ പി.ഗംഗാധരന്‍ നായര്‍ സ്‌നേഹതീരം എന്ന കഥാസമാഹാരത്തില്‍ വിശേഷിപ്പിച്ചത്. ഭര്‍ത്താവ് കെ.സുകുമാരന്‍ (റിട്ട.ആര്‍മി), രണ്ട് ആണ്‍മക്കളും അവരുടെ ഭാര്യമാരും പേരമക്കളുമടങ്ങുന്നതാണ് ലക്ഷ്മി വാകയാടിന്റെ കുടുംബം. മൂത്ത മകന്‍ സ്മിനേഷ് ഡല്‍ഹിയില്‍ ഗവ.സര്‍വീസിലും ഇളയമകന്‍ ബംഗളൂരുവില്‍ ഇലക്ട്രോണിക് സിറ്റിയിലും ജോലി ചെയ്യുകയാണ്. എഴുത്തുക്കാരുടെ കടമ സമൂഹത്തോടായിരിക്കണമെന്നത് അന്വര്‍ഥമാക്കുകയാണീ എഴുത്തുകാരി.