ആര്‍.കെ രമേഷ്
കോഴിക്കോട്: 2006ല്‍ പീപ്പിള്‍സ് റിവ്യൂ ഈ പത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനായത് വലിയ ഭാഗ്യമായി കരുതുന്നു. പീപ്പിള്‍സ് റിവ്യൂവിന്റെ പത്രാധിപരായ പി.ടി നിസാറിനെ താന്‍ പരിചയപ്പെടുന്നത് 2005ലാണ്. അന്നത്തെ കോഴിക്കോട് മേയറായിരുന്ന തോട്ടത്തില്‍ രവീന്ദ്രന്‍ പദവി ഒഴിയുന്ന ദിവസം കേരള മിഡ്‌ഡേ ടൈംസ് പത്രത്തിന്റെ ബ്യൂറോ ചീഫായിരുന്ന നിസാറും ഫോട്ടോഗ്രാഫറായിരുന്ന രാജേഷും അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ ഡ്രീംസിറ്റി പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്തതാണ് ഭരണകാലത്ത് നടക്കാതെ പോയതെന്ന് പറയുകയും ഈ പദ്ധതിയെ കുറിച്ച് കൂടുതലറിയണമെങ്കില്‍ ആര്‍ക്കിടെക്ട് ആര്‍.കെ രമേഷിനെ കാണാനും നിര്‍ദേശിക്കുകയായിരുന്നു. അതിന്‍ പ്രകാരമാണ് തന്നെ കാണാന്‍ വന്നത്. 13 വര്‍ഷക്കാലമായി ഫയലിലുറങ്ങിയിരുന്ന ഈ പദ്ധതിയെക്കുറിച്ച് നിസാര്‍ എന്നോട് ചോദിച്ച് മനസിലാക്കുകയും പിന്നീട് നിരന്തരം കേരള മിഡ്‌ഡേ ടൈംസില്‍ അത് സംബന്ധിച്ച് വാര്‍ത്തകള്‍ നല്‍കുകയും ചെയ്തു. ടൂറിസം മന്ത്രിയടക്കമുള്ള ഭരണാധികാരികള്‍, എം.എല്‍.എമാര്‍, വാട്ടര്‍ അതോറിറ്റി, ടൂറിസം വകുപ്പ് മേധാവികള്‍ എന്നിവരുമായി സംസാരിക്കുകയും വാര്‍ത്തകള്‍ക്ക് ഫോളോഅപ്പുണ്ടാക്കുകയും ഈ പദ്ധതിക്ക് വാട്ടര്‍ അതോറിറ്റി വിട്ടുനല്‍കേണ്ട ഭൂമി വിട്ടുനല്‍കാന്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലക്ക് നിസാര്‍ നടത്തിയ മാധ്യമശൈലി എക്കാലവും സ്മരിക്കപ്പെടും.
ഇതിനുവേണ്ടി ഭരണകൂടവുമായി ഏറ്റുമുട്ടാന്‍ പോലും നിസാര്‍ തയ്യാറായി എന്നത് പലര്‍ക്കുമറിയില്ല. ഒരു മാധ്യമപ്രവര്‍ത്തകന് എങ്ങനെ നാടിന്റെ വികസന പദ്ധതിക്ക് വേണ്ടി ഇടപെടാന്‍ കഴിയുമെന്നതിന് മകുടോദാഹരണമാണ് ഈ പദ്ധതി. 90 ഏക്കര്‍ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കുകയും വി.എസ് മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തില്‍ ഇത് ഉദ്ഘാടനം ചെയ്യുകയുമായിരുന്നു. കോഴിക്കോട് നഗരത്തിലെ ഏറ്റവും വലിയ പദ്ധതി യാഥാര്‍ഥ്യമാക്കിയതിന്റെ ക്രെഡിറ്റ് ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലക്ക് നിസാറിന് അവകാശപ്പെട്ടതാണ്. മാധ്യമപ്രവര്‍ത്തനം നെഗറ്റീവുകളുടെ പിന്നാലെ പോകുന്ന കാലത്ത് നാടിന്റെ പുരോഗതിക്ക് എങ്ങനെ ഉപയോഗിക്കാമെന്നതിനും ഇത് ഉത്തമോദാഹരണമാണ്. സരോവരം പദ്ധതി വിഭാവനം ചെയ്ത അര്‍ഥത്തില്‍ നടപ്പാക്കിയിരുന്നെങ്കില്‍ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ നഗരങ്ങളില്‍ ഒന്നായി കോഴിക്കോട് മാറുമായിരുന്നു. ലോകത്ത് ഒരു നഗരത്തിനിടയിലും ഇത്രയും വലിയ ടൂറിസ്റ്റ് പദ്ധതി ഉണ്ടാവുമായിരുന്നില്ല. പദ്ധതിക്കായി തുടക്കത്തില്‍ വിഭാവനം ചെയ്ത മുഴുവന്‍ ഭൂമിയും ഏറ്റെടുക്കാതിരുന്നതും സരോവരത്ത് സ്ഥാപിക്കാനുദ്ദേശിച്ചിരുന്ന ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, ടൂറിസം വൈജ്ഞാനിക പ്രോജക്ടുകളൊന്നും പിന്നീട് നടത്തപ്പെടാതെ പോയി. നഗരത്തിന്റെ മോടി കൂട്ടാനും വിനോദ-വിജ്ഞാനത്തിനും ഉതകുമായിരുന്ന ഈ പദ്ധതി ഇനിയും പൂര്‍ണതോതിലെത്തേണ്ടതുണ്ട്.
നിസാര്‍ കേരള മിഡ്‌ഡേ ടൈംസില്‍ നിന്ന് 2005ല്‍ ഇറങ്ങിയതിന് ശേഷം പീപ്പിള്‍സ് റിവ്യൂ എന്ന മാധ്യമത്തിനായി അക്ഷീണം പ്രയത്‌നിക്കുകയായിരുന്നു. കക്ഷി-രാഷ്ട്രീയ-ജാതി-മത പിന്‍ബലമില്ലാതെ ഒരുമാധ്യമം കഴിഞ്ഞ 15ലധികം വര്‍ഷക്കാലം നിലനിര്‍ത്തിയത് അതികഠിനമായ കഷ്ടപാടുകളിലൂടെയാണെന്ന് നമുക്ക് ഏവര്‍ക്കുമറിയാവുന്നതാണ്. കേരള മിഡ്‌ഡേ ടൈംസില്‍ നിന്ന് നിസാര്‍ മറ്റൊരു മുഖ്യധാര പത്രത്തിലായിരുന്നുവെങ്കില്‍ വലിയ സംഭാവനകള്‍ അദ്ദേഹത്തില്‍ നിന്ന് സമൂഹത്തിന് ലഭിക്കുമായിരുന്നു. പീപ്പിള്‍സ് റിവ്യൂ വളരട്ടെ. കക്ഷി-രാഷ്ട്രീയ-ജാതി-മത താല്‍പര്യങ്ങളില്ലാതെ എല്ലാവരേയും സമഭാവനയോടെ കണ്ട് നടിന്റെ പത്രമായി പീപ്പിള്‍സി റിവ്യൂ മാറട്ടെ. പത്രപ്രവര്‍ത്തന ലോകത്തിന് മാതൃകയായി മാറട്ടെ. 15ാം വാര്‍ഷികാഘോഷത്തിന് സര്‍വ്വവിധ മംഗളാശംസകളും നേരുന്നു.