തലശ്ശേരി: അണ്ടല്ലൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് മള്‍ട്ടിമീഡിയാ ആര്‍ട്ടിസ്റ്റ് ഫോറം നാലുനാള്‍ നീളുന്ന കോടിയേരി സ്മൃതി ചിത്ര-ഫോട്ടോ എല്‍.ഇ.ഡി പ്രദര്‍ശനം സംഘടിപ്പിക്കുന്നു. കേരള രാഷ്ട്രീയത്തിലെ സമാദരണീയ നേതാവും ജനകീയ വ്യക്തിത്വത്തിനുടമയുമായ കോടിയേരി ബാലകൃഷ്ണന്റെ ജിവിത രേഖകള്‍ ചിത്രങ്ങളായും ഫോട്ടോകളായും പ്രദര്‍ശന നഗരിക്കകത്തും വലിയ സ്‌ക്രീനില്‍ പുറത്ത് എല്‍.ഇ.ഡി ദൃശ്യങ്ങളായും അനുഭവ ഭേദ്യമാക്കുമെന്ന് മള്‍ട്ടിമീഡിയ ജനറല്‍ സെക്രട്ടറി സെല്‍വന്‍ മേലൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അണ്ടല്ലൂര്‍ ദിനേശ് ബീഡി ഹാളില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് ഏഴ് മണിക്ക് സംസ്ഥാന നിയമസഭാ സ്പീക്കര്‍ അഡ്വ.എ.എന്‍.ഷംസീര്‍ നിര്‍വഹിക്കും. ചടങ്ങില്‍ ധര്‍മ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ രവി അധ്യക്ഷത വഹിക്കും. സ്പീക്കര്‍ പ്രകാശനം നിര്‍വഹിക്കുന്ന ബ്രോഷര്‍ കെ.വി രാഘവന്‍ ഏറ്റുവാങ്ങും. പരിപാടിയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി മുഖ്യാതിഥിയാകും. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. എ.സാബു, കേരള ലളിതകലാ അക്കാദമി വൈസ് ചെയര്‍മാന്‍ എബി.എന്‍.ജോസഫ് എന്നിവര്‍ വിശിഷ്ടാതിഥികളായും സംബന്ധിക്കും.
റബ്‌കോ ചെയര്‍മാന്‍ കാരായി രാജന്‍, തലശ്ശേരി സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ചെയര്‍മാന്‍ ടി. അനില്‍ , കേരള ദിനേശ് ബീഡി ധര്‍മ്മടം വ്യവസായ സഹകരണ സംഘം പ്രസിഡന്റ് പണിക്കന്‍ രാജന്‍, മാധ്യമ പ്രവര്‍ത്തകന്‍ ദിപക് ധര്‍മ്മടം, കെ.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. ഉത്സവ ദിനങ്ങളില്‍ എന്നും വൈകീട്ട് അഞ്ച് മണി മുതല്‍ പുലര്‍ച്ചെ വരെ പ്രദര്‍ശനം കാണാവുന്നതാണ്. പ്രശസ്ത കലാകാരന്മാര്‍ വലിയ കാന്‍വസില്‍ വരച്ച 50 ഓളം ചിത്രങ്ങളും ഫോട്ടോകളും പ്രദര്‍ശനത്തിലുണ്ടാവും. ബാലന്‍ മേലൂര്‍ എഴുതിയ വെളുത്ത നിലാവ് കഥാസമാഹാരത്തിന്റെ 27ാം പതിപ്പിന്റെ പ്രകാശനവും സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വഹിക്കും. അണ്ടല്ലൂര്‍ സാഹിത്യ പോഷിണി വായനശാല, ഗ്രന്ഥാലയം പ്രസിഡന്റ് യു. ഗോവിന്ദന്‍ ഏറ്റുവാങ്ങും. വാര്‍ത്താസമ്മേളനത്തില്‍ കെ.സുരേന്ദ്രന്‍, പി.സുനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.