തലശ്ശേരി: വരകളുടേയും അക്ഷരങ്ങളുടേയും ആദ്യ മധുരം പകര്‍ന്ന് കിട്ടിയ പൈതൃകനഗരിയില്‍ നിന്നും മലയാളികള്‍ക്കും തലശ്ശേരിക്കും ഒരു നാളും മറക്കാനാവാത്ത ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ ജന്മനാട്ടിലെ ലോകപ്രശസ്തമായ മ്യൂസിയത്തില്‍ നൊബേല്‍ സമ്മാന ജേതാവ് ഹെര്‍മ്മന്‍ ഹെസ്സേയുടെ കഥാപാത്രങ്ങള്‍ക്ക് ചിത്രഭാഷ്യം പകരാന്‍ അവസരം ലഭിച്ചത് ജീവിത പുണ്യമാണെന്ന് വിഖ്യാത ചിത്രകാരനും കേരള ലളിതകലാ അക്കാദമി വൈസ് ചെയര്‍മാനുമായ എബി എന്‍.ജോസഫ് പറഞ്ഞു. ഹെസ്സേയുടെ അമ്മ ജനിച്ച തലശ്ശേരിയില്‍ നിന്നും ഭാരതീയ പശ്ചാത്തലത്തില്‍ ഹെസ്സെ രചിച്ച നൊബേല്‍ സമ്മാന കൃതിയായ ‘സിദ്ധാര്‍ത്ഥ ‘യുടെ ഉള്‍ത്തുടിപ്പുകള്‍ ആലേഖനം ചെയ്യാന്‍ നിയുക്തനായതില്‍ ഏറെ സന്തുഷ്ടനാണെന്നും എബി എന്‍.ജോസഫ് പറഞ്ഞു. തിരുവങ്ങാട് സ്‌പോര്‍ട്ടിങ്ങ് യൂത്ത്‌സ് ലൈബ്രറിക്ക് താന്‍ വരച്ച പ്രമുഖ സാംസ്‌കാരിക നായകനും, ലൈബ്രറി സെക്രട്ടറിയുമായ സി.വി സുധാകരന്റെ ഛായാചിത്രം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം ചടങ്ങില്‍ വിഖ്യാത ചിത്രകാരന്‍ കെ.കെ.മാരാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍, സംഗീതജ്ഞന്‍ ഉസ്താദ് സി.എസ് അനില്‍ദാസ് , സീതാനാഥ്, സി.അശോക് കുമാര്‍ സംസാരിച്ചു. ഹിന്ദുസ്ഥാനി സംഗീത വിഭാഗത്തില്‍ ജില്ലാതല പുരസ്‌കാരങ്ങള്‍ നേടിയ ശ്യാമയിലെ സംഗീത പ്രതിഭകളായ എസ്.നിഹാര, ഷിറോണ, ആര്‍ദ്ര വി.അനില്‍ എന്നിവരെ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. തുടര്‍ന്ന് സംഗീതനിശ അരങ്ങേറി.