അത്തോളി: കൊങ്ങന്നൂര്‍ ശ്രീ എടത്ത്പറമ്പത്ത് ക്ഷേത്ര മഹോത്സവത്തിന് ഇന്ന് രാവിലെ പൊങ്കാലയോടെ തുടക്കമായി. ഉത്സവത്തിന്റെ പ്രധാന വഴിപാടായ അന്നദാനത്തിലേക്ക് മലയില്‍ ബദര്‍ ജുമാ മസ്ജിദ് ഭാരവാഹികള്‍ ക്ഷേത്രത്തിലെത്തി അരി നല്‍കി. ക്ഷേത്രം പ്രസിഡന്റ് കെ.കെ ദയാനന്ദന്‍, സെക്രട്ടറി ഇ. സജീവന്‍ എന്നിവര്‍ പള്ളി കമ്മിറ്റി ഭാരവാഹികളെ സ്വീകരിച്ചു. മഹല്ല് കമ്മിറ്റി സെക്രട്ടറി സലിം കോറോത്ത്, ലത്തീഫ് കോറോത്ത്, നടുക്കണ്ടിതാഴെ കുഞ്ഞായിന്‍, എം.ടി താരിഖ് തുടങ്ങിയവര്‍ സന്നിഹിതരായി. ഉത്സവത്തിന്റെ ഭാഗമായുള്ള നൃത്ത അരങ്ങേറ്റത്തിന്റെ ഉദ്ഘാടനം പ്രദീപ് കാവുന്തറനിര്‍വഹിക്കും. പഞ്ചായത്ത് അംഗങ്ങളായ പി.കെ ജുനൈസ്, കെ.സാജിത എന്നിവര്‍ പങ്കെടുക്കും. ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്ക് ഗണപതി ഹോമം, ഉച്ചപൂജ, നവകം, കലശം, ഉച്ഛ പാട്ട്, കുറയിടല്‍, ഉച്ച്ക്ക് ഒരു മണിക്ക് അന്നദാനം, വൈകീട്ട് ആറ് മണിക്ക് ആശാരിക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആഘോഷ വരവ്, 8.30 ന് അയ്യപ്പന് കൂത്ത്, തുടര്‍ന്ന് മുല്ലക്കല്‍ പാട്ടിനെഴുന്നള്ളിപ്പ്, കളം പാട്ട്, രാത്രി 12 മണിയ്ക്ക് വാളകം കൂടി ഉത്സവത്തിന് സമാപനമാകും.