കോഴിക്കോട്: മോഷണം ആരോപിച്ച് ആള്‍ക്കൂട്ട വിചാരണക്ക് വിധേയനായ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം സാധാരണ മരണമായി കാണാനാകില്ലെന്ന് പട്ടികജാതി-പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി. ഒരാള്‍ വെറുതേ ആത്മഹത്യ ചെയ്യില്ല. വിശ്വനാഥന് സഹിക്കാന്‍ കഴിയാത്ത എന്തോ കാര്യം അവിടെ സംഭവിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം വേണം, അസ്വാഭാവിക മരണത്തിന് കേസെടുക്കുന്നത് ശരിയല്ലെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു. സംഭവത്തില്‍ പോലിസ് ഇന്ന് റിപ്പോര്‍ട്ട് നല്‍കും.
വിശ്വനാഥന്റെ മരണം ആത്മഹത്യയാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കുടുംബം തള്ളി. വിശ്വനാഥന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ദേഹത്തുണ്ടായ മുറിവുകള്‍ മര്‍ദ്ദനമേറ്റതാണ്. മരത്തില്‍ കയറാന്‍ അറിയാത്ത വിശ്വനാഥന്‍ എങ്ങനെയാണ് മരത്തിന് മുകളില്‍ കെട്ടിത്തൂങ്ങിയതെന്ന് കുടുംബം ചോദിക്കുന്നു. തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതാണെന്നും വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു.
വയനാട് മേപ്പാടി സ്വദേശിയായ വിശ്വനാഥനെ ഫെബ്രുവരി 11ന് രാവിലെ മെഡിക്കല്‍ കോളേജിന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ നാട്ടുകാരാണ് കണ്ടെത്തിയത്. ഭാര്യ ബിന്ദുവിന്റെ പ്രസവത്തിനാണ് വയനാട്ടില്‍ നിന്ന് വിശ്വനാഥന്‍ എത്തിയത്. ആശുപത്രി മാതൃശിശു കേന്ദ്രത്തില്‍ മോഷണം ആരോപിച്ച് ചോദ്യം ചെയ്യലിന് വിശ്വനാഥന്‍ ഇരയായിരുന്നു. ഇതിന് പിന്നാലെ കാണാതായ വിശ്വനാഥനെ അടുത്ത ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.