ലോക സമ്പന്നരുടെ പട്ടികയില്‍ 24ാം സ്ഥാനത്തേക്ക് വീണ് ഗൗതം അദാനി

ലോക സമ്പന്നരുടെ പട്ടികയില്‍ 24ാം സ്ഥാനത്തേക്ക് വീണ് ഗൗതം അദാനി

ന്യൂഡല്‍ഹി: ലോക സമ്പന്നരുടെ പട്ടികയില്‍ താഴേക്ക് വീണ് അദാനി ഗ്രൂപ്പ് സ്ഥാപകനായ ഗൗതം അദാനി. പട്ടികയില്‍ രണ്ടുമാസം മുന്‍പ് വരെ രണ്ടാം സ്ഥാനത്തായിരുന്ന അദാനി ഇപ്പോള്‍ 24ാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടിരിക്കുന്നത്. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം അദാനി ഇപ്പോള്‍ 24ാം സ്ഥാനത്താണ്. ഫെബ്രുവരി 14 വരെയുള്ള അദാനിയുടെ ആസ്തി 52.4 ബില്യണ്‍ ഡോളറിലേക്കെത്തി. ഫോര്‍ബ്‌സ് റിയല്‍-ടൈം ബില്യണയര്‍ സൂചിക പ്രകാരം, വ്യവസായിയുടെ ആസ്തി 53 ബില്യണ്‍ ഡോളറാണ്.

യു.എസ് ആസ്ഥാനമായുള്ള ഗവേഷക സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടയില്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളില്‍ വന്‍ തകര്‍ച്ച നേരിട്ടു. അതേസമയം, അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങളും റിപ്പോര്‍ട്ട് വരുന്നതിന് മുമ്പും ശേഷവും ഗ്രൂപ്പിന്റെ ഓഹരികളിലെ വിപണി പ്രവര്‍ത്തനങ്ങളും ഇതിനകം തന്നെ അന്വേഷിക്കുന്നുണ്ടെന്ന് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി സുപ്രീം കോടതിയെ അറിയിച്ചു.

ജനുവരി 24 ന് ഹിന്റന്‍ബെര്‍ഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിന് വലിയ തിരിച്ചടിയാണ് നല്‍കിയത്. അദാനി ഗ്രൂപ്പിന്റെ ക്രമക്കേടുകള്‍ എണ്ണിപ്പറഞ്ഞുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ കനത്ത തിരിച്ചടിയാണ് അദാനി ഗ്രൂപ്പ് നേരിടുന്നത്. ഒറ്റ ദിവസം ഏതാണ്ട് 74,000 കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയില്‍ നിന്ന് അദാനി ഗ്രൂപ്പ് നേരിട്ടത്. ഓഹരി മൂല്യം ഉയര്‍ത്തി കാണിച്ച് അദാനി ഗ്രൂപ്പ് വഞ്ചന നടത്തിയെന്ന ആരോപണം അദാനി തള്ളിയെങ്കിലും അന്വേഷണം ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജികളടക്കം അദാനി ഗ്രൂപ്പിനെതിരേ എത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *