കോഴിക്കോട്: ഫാസിസ്റ്റ് ഭരണകൂടം സര്‍വശക്തിയിലും മുന്നോട്ട് നീങ്ങുന്ന സമകാലിക സാഹചര്യത്തില്‍ മുസ്ലിം സംഘടനകള്‍ പരസ്പരം തീവ്രവാദ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലല്ല, ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. എസ്.ഐ.ഒ കേരള സംഘടിപ്പിച്ച സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിംകള്ക്കെതിരായ ഹിന്ദുത്വ ആരോപണങ്ങള്‍ മുസ്ലിം സംഘടനകള്‍ പരസ്പരം ഉന്നയിക്കുന്നത് ആശാവഹമല്ല. സമുദായത്തിന് അകത്തും പുറത്തും
വ്യത്യസ്തകളും വിയോജിപ്പുകളും നിലനില്ക്കുമ്പോള് തന്നെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കൊടും അനീതികള്‍ക്കെതിരെ നിലകൊള്ളാന്‍ നമുക്ക് സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഗമത്തില്‍ എസ്.ഐ.ഒയുടെ രണ്ട് വര്‍ഷക്കാലത്തേക്കുള്ള പോളിസി സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ വിശദീകരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.റഹ്മാന് ഇരിക്കൂര്‍ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വിവിധ സെഷനുകളിലായി ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറാംഗം ഡോ. അബ്ദുസ്സലാം വാണിയമ്പലം, മാധ്യമം ജോയിന്റ് എഡിറ്റര്‍ പി.ഐ നൗഷാദ്, വെല്‍ഫെയര്‍ പാര്‍ട്ടി കേരള ജനറല്‍ സെക്രട്ടറി എസ്. ഇര്‍ഷാദ്, വെല്‍ഫെയര്‍ പാര്‍ട്ടി കേരള ട്രഷറര്‍ സജീദ് ഖാലിദ്, സോളിഡാരിറ്റി കേരള ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട്, മീഡിയവണ്‍ സീനിയര്‍ മാനേജര്‍ പി.ബി.എം ഫര്‍മീസ്, സോളിഡാരിറ്റി പാലക്കാട് ജില്ലാ പ്രസിഡന്റ് ഷമീര്‍ ബാബു, എസ്.ഐ.ഒ സംസ്ഥാന സമിതി അംഗം അമീന് ഫസല്‍ തുടങ്ങിയവര്‍ വിഷയാവതരണം നടത്തി. നേതൃസംഗമത്തിന് സംസ്ഥാന സെക്രട്ടറിമാരായ അസ്ലഹ് കക്കോടി, ശറഫുദ്ദീന്‍ നദ്വി, സല്മാന് മുണ്ടുമുഴി, വാഹിദ് ചുള്ളിപ്പാറ, അഡ്വ. അബ്ദുല്‍ വാഹിദ്, നിയാസ് വേളം, അമീന് മമ്പാട്, അന്‍ഫാല്‍ ജാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.