തലശ്ശേരി: ജഗന്നാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം സമാപിച്ചു. ഉത്തര കേരളത്തില്‍ ആദ്യമായി ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ ശ്രീജഗന്നാഥ ക്ഷേത്രത്തിലെ 116ാമത് പ്രതിഷ്ഠാ വാര്‍ഷികദിന മഹോത്സവ ചടങ്ങുകളില്‍ നൂറുകണക്കിനാളുകളാണ് വന്നെത്തിയത്. ഗുരുമണ്ഡപത്തില്‍ നിന്നും ആരംഭിച്ച പൂത്തളിക കളുമേന്തിയുള്ള ഘോഷയാത്ര ക്ഷേത്രത്തെ വലംവച്ച് ശിവ പ്രതിഷ്ഠയില്‍ ആചാര വിധിപ്രകാരം പൂമൂടുകയായിരുന്നു. ശാന്തിമാരായ സബീഷ്, വിനു, സെല്‍വന്‍, ശശി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. ഘോഷയാത്രക്ക് ഡയരക്ടര്‍മാരായ കണ്ട്യന്‍ ഗോപി , സി.ഗോപാലന്‍, രാജീവന്‍ മാടപ്പീടിക, വളയംകുമാരന്‍, പൊന്നമ്പത്ത് രാഘവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നിര്‍മാല്യ ദര്‍ശനം , മഹാഗണപതിഹവനം, ഗുരുദേവപ്രതിമയില്‍ അഭിഷേകം, ഗുരുപൂജ, എതൃത്ത് പൂജ, ശീവേലി എഴുന്നള്ളത്ത് , കലശാഭിഷേകം, തേനഭിഷേകം, കളഭച്ചാര്‍ത്ത്, മദ്ധ്യാഹ്നപൂജ,സമൂഹസദ്യ, നിറമാല, ചുറ്റുവിളക്ക് ദീപാരാധന, പുഷ്പാഭിഷേകം, അത്താഴപൂജ. ശീവേലി എഴുന്നള്ളത്ത് എന്നിവയുണ്ടായി. തുടര്‍ന്ന് തിരുവങ്ങാട് സര്‍ഗലയയുടെ നൃത്തനൃത്ത്യങ്ങള്‍ അരങ്ങേറി.