കണ്ണൂര്‍: സംസ്ഥാനത്തിന് ജി.എസ്.ടി കുടിശ്ശിക ലഭിക്കാത്തത് കേരളം 2017 മുതല്‍ എ.ജിയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നാണ് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ധനമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് കേരള ധനമന്ത്രി ബാലഗോപാല്‍ തെളിയിച്ചാല്‍ കോണ്‍ഗ്രസ് കൂടെ നില്‍ക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.
കണക്കുകള്‍ ഹാജരാക്കിയാല്‍ നഷ്ടപരിഹാര കുടിശ്ശിക ഉടന്‍ നല്‍കും. കേന്ദ്രത്തെ കുറ്റപ്പെടുത്തരുത്. അടുത്ത മാസത്തെ നികുതി വിഹിതം കൂടി സംസ്ഥാനങ്ങള്‍ക്ക് മുന്‍കൂറായി നല്‍കിയിട്ടുണ്ടെന്നും അതിന്റെ വിഹിതം കേരളത്തിനും കിട്ടുമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു. കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ ഇത് സംബന്ധിച്ച വിഷയം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ധനമന്ത്രിയുടെ മറുപടി. ഇത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴി വച്ച സാഹചര്യത്തിലാണ് കെ.സി വേണുഗോപാലിന്റെ പ്രതികരണം.
പാര്‍ലമെന്റില്‍ അദാനി-മോദി ബന്ധത്തെക്കുറിച്ച് ചോദ്യം ചോദിക്കുന്നത് തെറ്റല്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. മോദി-അദാനി ബന്ധം എല്ലാവര്‍ക്കും വ്യക്തമാണ്. പിണറായിയെ പേടിച്ച് കേരള ജനതക്ക് വഴി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കെ. സുധാകരനെ മാറ്റാന്‍ എം.പിമാര്‍ ഹൈക്കമാന്‍ഡിന് കത്ത് നല്‍കി എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.