മാഹി: നൂറ്റാണ്ടിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് നാലു തലമുറകളിലെ സതീര്‍ത്ഥ്യര്‍ സൗഹൃദങ്ങള്‍ പുതുക്കി. നിരവധി തലമുറകള്‍ അധ്യയനം നടത്തിയ ഉത്തരകേരളത്തിലെ വിദ്യാലയ മുത്തശ്ശിയായ ന്യൂ മാഹി എം.എം ഹൈസ്‌കൂളാണ്. പുതുചരിതമെഴുതിയത്. ഒരു രാപകല്‍ മുഴുവന്‍ നീണ്ടു നിന്ന ഓര്‍മ്മത്തണലില്‍ എന്ന മെഗാ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ രണ്ടായിരത്തോളം സതീര്‍ത്ഥ്യരാണ് ആവേശപൂര്‍വ്വം പങ്കെടുത്തത്. ഒരിക്കലും തിരികെ ലഭിക്കാത്ത ബാല്യകൗമരങ്ങളിലൂടെ തിരിഞ്ഞു നടന്നപ്പോള്‍, എണ്‍പത് പിന്നിട്ട, ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടായ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ഓര്‍മ്മകളില്‍, ബ്രിട്ടീഷ് – ഫ്രഞ്ച് ഭരണകാലഘട്ടം വരെ തെളിഞ്ഞു നിന്നു. യമനില്‍ നിന്ന് തിരികെ വന്ന് വിദ്യാഭ്യാസ പ്രചാരകനായി മാറിയ മയ്യലവിയ തൊട്ട് പ്രഗത്ഭരും അതിപ്രശസ്തരുമായ ഗുരുക്കന്മാരേയും ശിഷ്യഗണങ്ങളേയും അവര്‍ ഓര്‍ത്തു. ജീവിച്ചിരിക്കുന്നവരെ ആദരിച്ചു.
എണ്‍പത് കഴിഞ്ഞ റോട്ടറി ഇന്റര്‍നാഷണലിന്റെ സാരഥി ടി.കെ യൂസഫും, പ്രമുഖ ഗ്രന്ഥകാരന്‍ പി.ഗംഗാധരന്‍ മാസ്റ്ററും, പ്രശസ്ത ചിത്രകാരന്‍ ബാലന്‍ മാസ്റ്ററും, പ്രമുഖ വ്യവസായി ടി.കെ.സി അഹമ്മദും, ഹോട്ടല്‍ ഉടമ എന്‍.പി ശാരദയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കെ മുഹമ്മദുമെല്ലാം അനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ അത് വികാരോജ്വലമായ മുഹൂര്‍ത്തങ്ങള്‍ കാഴ്ചവച്ചു. വിഖ്യാത ചിത്രകാരന്‍ എം.വി.ദേവന്‍, മുന്‍ മന്ത്രി കെ.കെ.രാമചന്ദ്രന്‍ , പ്രമുഖ സ്വാതന്ത്ര്യ സമര നേതാവ് കുനിയില്‍ കണ്ട ഒളിമ്പ്യന്‍ അബ്ദുറഹ്‌മാന്‍, മുന്‍ എം.എല്‍.എമാരായ കെ.എം.സൂപ്പി, എ.വി.ശ്രീധരന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ അറിവിന്റെ താക്കോല്‍ നേടിയത് ഈ വിദ്യാലയത്തില്‍ നിന്നായിരുന്നു.
ന്യൂമാഹി എം.എം ഹൈസ്‌കൂള്‍, യു.പി.സ്‌കൂള്‍ പ്രാരംഭ കാലം മുതല്‍ പഠിച്ചിറങ്ങിയ മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ഥികളുടേയും കൂട്ടായ്മ എം.എം അലുംനി അസോസിയേഷന്റെ ഉദ്ഘാടനവും, എം.എം.എ മിറ്റ് -23 പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും സ്പിക്കര്‍ അഡ്വ.എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്തു. രമേശ് പറമ്പത്ത് എം.എല്‍.എ, മുന്‍ ഡി.ജി.പി അഡ്വ.ടി. അസഫലി, മറിമായം ഫെയിം സലിം എന്നിവര്‍ സംബന്ധിച്ചു. ഒന്നിച്ചൊന്നായി ഓര്‍മ്മ തണലില്‍ എന്ന പരിപാടിയുമായി പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമവും പൂര്‍വ്വ അധ്യാപകരെ അദരിക്കുന്ന ചടങ്ങും ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്റ് എം.കെ സെയ്തുവാണ് ഉദ്ഘാടനം ചെയ്തത്. രണ്ടായിരത്തോളം പേര്‍ പങ്കെടുത്ത കൂട്ടായ്മയില്‍ വിവിധ മാജിക്, ഹാസ്യം, നടനം, സംഗീതം തുടങ്ങിയ കലാപരിപാടികള്‍, സമ്മാനദാനം എന്നിവയുമുണ്ടായി. ഇശല്‍ ബീറ്റ് മെഗാഷോയും ഹൃദ്യമായി
ചെയര്‍മാന്‍ അസീസ് മാഹി, ഫൈസല്‍ ബിണ്ടി, പി.കെ.വി സാലിഹ്, എം.ശ്രീജയന്‍, ബഷീര്‍ ഏരത്ത്, പി.കെ.സി നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി.