നിരോധിത ലഹരിവസ്തു വില്‍പ്പന; കട അടപ്പിക്കാന്‍ നഗരസഭയുടെ ഉത്തരവുണ്ടായിട്ടും നടപ്പാക്കാതെ പോലിസ്

നിരോധിത ലഹരിവസ്തു വില്‍പ്പന; കട അടപ്പിക്കാന്‍ നഗരസഭയുടെ ഉത്തരവുണ്ടായിട്ടും നടപ്പാക്കാതെ പോലിസ്

മാഹി: നിരോധിത പുകയില വസ്തുക്കളുടെ പറുദീസയായി മയ്യഴി മാറുന്നു. ഒന്‍പത് ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള മാഹിയില്‍ 68 ചില്ലറ -മൊത്ത മദ്യവില്‍പ്പനശാലകളുണ്ട്. കേരളത്തെ അപേക്ഷിച്ച് ഏതാണ്ട് പകുതി വില മാത്രമേ മദ്യത്തിന് മാഹിയിലുള്ളൂ. എന്നാലിപ്പോള്‍ മദ്യത്തെയെല്ലാം കടത്തിവെട്ടുംവിധം നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടേയും, കഞ്ചാവ് , എല്‍.എസ്.ഡി, എം.ഡി.എം.എ, മാജിക് ടാബ്ലറ്റ്, ഇഞ്ചക്ഷന്‍, സ്റ്റിക്കര്‍ , സ്റ്റാമ്പ് , കൂള്‍ മിഠായികള്‍ വരെ മയ്യഴിയില്‍ സുലഭം.
മയ്യഴിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തൊട്ട് പെട്ടിക്കടകള്‍ വരെ ഇവയുടെ വിപണന കേന്ദ്രങ്ങളാണ്. വിദ്യാര്‍ത്ഥികളും യുവാക്കളുമടക്കം നിരവധി കാരിയര്‍മാരാണ് ഇപ്പോള്‍ സജീവമായി രംഗത്തുള്ളത്.

ഉപയോഗിക്കുമ്പോഴുള്ള ലഹരിയും, കാരിയറായി പ്രവര്‍ത്തിക്കുമ്പോള്‍ കൈവരുന്ന സാമ്പത്തിക നേട്ടവുമാണ് പലരേയും ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പോലും കഴിയാതെ വരുന്നത്. മയ്യഴി ഭരണകൂടം 2022 നവംബര്‍ 14ന് വടക്കെ അതിര്‍ത്തി മുതല്‍ തെക്കെ അതിര്‍ത്തി വരെയുള്ള ഒമ്പത് കിലോമീറ്റര്‍ ദൂരത്തില്‍ മനുഷ്യച്ചങ്ങല നടത്തി ബോധവല്‍ക്കരണം നടത്തിയിരുന്നു. ജനശബ്ദം, വിവിധ റസിഡന്‍സ് അസോസിയേഷനുകള്‍ എന്നീ സംഘടനകളുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് നാലോളം കടകളില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടുകയുണ്ടായി. ഈ കടകളുടെ ലൈസന്‍സുകള്‍ നഗരസഭ സസ്‌പെന്റ് ചെയ്യുകയുണ്ടായി.’മൂന്ന് കടകള്‍ അടച്ചു പൂട്ടിയെങ്കിലും നവമ്പര്‍ 29ന് നഗരസഭ ലൈസന്‍സ് സസ്‌പെന്റ് ചെയ്ത പന്തക്കല്‍ പോലിസ് സ്റ്റേഷനും, പോലിസ് ക്വാട്ടേര്‍ഴ്‌സിനും ഇടയിലുള്ള വന്‍തോതില്‍ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കട മാത്രം അടച്ചില്ല. കട പൂട്ടിക്കാന്‍ നഗരസഭ പോലിസിന് രേഖാമൂലം നിര്‍ദേശം നല്‍കിയിട്ടും പോലിസ് ഇന്ന് വരെ കടയടപ്പിച്ചില്ല. ഇവിടെ നിന്ന് മാഹി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നേരിട്ട് എത്തിയാണ് ലഹരി വസ്തുക്കള്‍ പിടികൂടിയിരുന്നത്. ഒരു ദിവസം പോലും കടയടക്കാന്‍ തയ്യാറാകാതിരുന്ന
കടയുടമയാകട്ടെ, പുതുവര്‍ഷ ലൈസന്‍സ് പുതുക്കി കിട്ടാന്‍ നഗരസഭയില്‍ അപേക്ഷയും നല്‍കിയിരിക്കുകയാണ്.

അതിനിടെ പ്രചരണ ജാഥയും പ്രതിഷേധ സമരമുറകളും അരങ്ങേറിയപ്പോള്‍ പളളൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട രണ്ട് സ്ഥലങ്ങളില്‍ നിന്നും എം.ഡി.എം.എയടക്കം വില്‍പ്പന നടത്തുന്ന സംഘങ്ങളെ അടുത്തിടെ പിടികൂടുകയുണ്ടായി. കേരളത്തില്‍ പെട്ട അഴിയൂരും, കേന്ദ്ര ഭരണ പ്രദേശമായ മയ്യഴിയും കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ നിരോധിത പുകയിലയുടേയും ഇതര ലഹരി വസ്തുക്കളുടേയും മൊത്ത വിതരണം നടത്തുന്നത്. ഇതെല്ലാം നാട്ടുകാര്‍ക്ക് മാത്രമല്ല, പോലിസിനും അധികാരികള്‍ക്കുമെല്ലാം കൃത്യമായറിയാം. നിയമം നടപ്പിലാക്കേണ്ടവര്‍ തന്നെ ബോധപൂര്‍വ്വം കണ്ണടയ്ക്കുകയാണ്. ഇവിടെ അധികൃതരുടെ നിസ്സംഗത തലമുറകളുടെ ഭാവിയാണ് നശിപ്പിക്കുകയെന്ന തിരിച്ചറിവില്ലായ്മയില്‍ മയ്യഴിക്കാര്‍ക്ക് ശക്തമായ അമര്‍ഷമുണ്ട്. നഗരസഭ ലൈസന്‍സ് സസ്‌പെന്റ് ചെയ്തിട്ടും അത് പ്രാവര്‍ത്തികമാക്കാന്‍ കൂട്ടാക്കാത്ത പോലിസിനെതിരേ ശക്തമായ പ്രക്ഷോഭത്തിനിറങ്ങുകയാണ് പന്തക്കല്‍ നിവാസികള്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *