ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത് അനധികൃത കെട്ടിടനിര്‍മാണം
ഇസ്താംബൂള്‍: തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 34,000 കവിഞ്ഞു. ഭൂകമ്പത്തില്‍ ആയിരക്കണക്കിന് കെട്ടിടങ്ങളാണ് തകര്‍ന്നത്. ഇതാണ് മരണസംഖ്യ ഉയരാന്‍ കാരണമായതെന്നും ഇതുവഴി ദശലക്ഷക്കണക്കിനാളുകള്‍ക്കാണ് വീട് നഷ്ടപ്പെട്ടതെന്നും ദുരിതാശ്വാസ മേധാവി മാര്‍ട്ടിന്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു. മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള അനധികൃതകെട്ടിടനിര്‍മാണത്തില്‍ ഉത്തരവാദികളെന്ന് സംശയിക്കുന്ന 131 പേരെ തിരിച്ചറിഞ്ഞതായി തുര്‍ക്ക് വൈസ് പ്രസിഡന്റ് ഫുവാത് ഒക്തേ അറിയിച്ചു. ഇവര്‍ക്കെതിരേ ശക്തമായി നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നിരവധി പേരെയാണ് ജീവനോടെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്. ഇതില്‍ ഗര്‍ഭിണിയായ യുവതിയുള്‍പ്പടെ രണ്ട് കുട്ടികളുമുണ്ടായിരുന്നു. അധികാരത്തിലിരിക്കെ ആദ്യമായിട്ടാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു വലിയ പ്രതിസന്ധി നേരിടുന്നത്. വരാനിരിക്കുന്ന ദേശീയ തെരഞ്ഞടുപ്പിനെ ഇത് ബാധിക്കാനും സാധ്യതയുണ്ട്. ഭൂചലനത്തില്‍ വീട് നഷ്ടപെട്ട ദശലക്ഷക്കണക്കിന് ആളുകളാണ് ദുരിതത്തിലായിരിക്കുന്നത്. പട്ടിണിയും തണുപ്പും വ്യാപകമായതോടെ മരണസംഖ്യ ഉയരുകയും ചെയ്തു.