ന്യൂഡല്‍ഹി: ജി.എസ്.ടി നഷ്ടപരിഹാര വിഷയത്തില്‍ കേരളത്തെ വിമര്‍ശിച്ച് കേന്ദ്രധനമന്ത്രി നിര്‍മ്മലാ സിതാരാമന്‍. 2017 മുതല്‍ എ.ജിയുടെ സര്‍ട്ടിഫിക്കേറ്റ് കേരളം ഹാജരാക്കിയിട്ടില്ലെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഓഡിറ്റ് ചെയ്ത കണക്കുകള്‍ സമര്‍പ്പിക്കുമ്പോഴാണ് സംസ്ഥാനങ്ങള്‍ക്ക് ന്ഷ്ടപരിഹാരം അനുവദിക്കുന്നത്. എന്നാല്‍ കേരളം അഞ്ചുവര്‍ഷമായി ഇതു സമര്‍പ്പിച്ചിട്ടില്ലന്നാണ് നിര്‍മലാ സീതാരാമന്‍ പറഞ്ഞത്. കേരളത്തിന്റെ ജി.എസ്.ടി കുടിശികയുമായി ബന്ധപ്പെട്ട വിഷയം എം.കെ പ്രമേചന്ദ്രന്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തിയപ്പോഴാണ് നിര്‍മല സീതാരാമന്‍ ഈ മറുപടി പറഞ്ഞത്.
‘2018 മുതല്‍ ഒരു വര്‍ഷം പോലും അക്കൗണ്ടന്റ് ജനറലിന്റെ അംഗീകാരമുള്ള ജി.എസ്.ടി നഷ്ടപരിഹാരത്തിനുള്ള രേഖ കേരളം ഹാജരാക്കിയിട്ടില്ല. ഫണ്ട് അനുവദിക്കാത്തതിന് പിന്നെങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തും’, ധനമന്ത്രി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ആദ്യം കേരള സര്‍ക്കാരിനോടാണ് ചോദിക്കേണ്ടതെന്നും എന്‍.കെ.പ്രേമചന്ദ്രനോട് നിര്‍മല സീതാരാമന്‍ പറഞ്ഞു.
കണക്കുകള്‍ ഹാജരാക്കിയാല്‍ നഷ്ടപരിഹാര കുടിശ്ശിക ഉടന്‍ നല്‍കും. അടുത്ത മാസത്തെ നികുതി വിഹിതം കൂടി സംസ്ഥാനങ്ങള്‍ക്ക് മുന്‍കൂറായി നല്‍കിയിട്ടുണ്ടെന്നും അതിന്റെ വിഹിതം കേരളത്തിനും കിട്ടുമെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രത്തെ കുറ്റപ്പെടുത്തരുത്. കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ ഇത് സംബന്ധിച്ച വിഷയം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ധനമന്ത്രിയുടെ മറുപടി. ഇത് സംബന്ധിച്ച് ആദ്യം കേരള സര്‍ക്കാരിനോട് ചോദിക്കണമെന്നും മന്ത്രി എന്‍.കെ പ്രേമചന്ദ്രനോട് പറഞ്ഞു.