ബഷീര്‍ മാസ്റ്റര്‍
ബേപ്പൂര്‍: മാന്ത്രികന്‍ പ്രദീപ് ഹുഡിനോ തന്റെ മാജിക് പരിപാടികളുടെ 40-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ ഗുരുവന്ദനം വ്യത്യസ്തമായ അനുഭവമായി. മലയാളത്തിന്റെ ഇതിഹാസമായ ബഷീറിനും മഹാമാന്ത്രികനായ വാഴകുന്നത്തിനും ആദരാര്‍പ്പണമായാണ് ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചത് .
ഒരു പകല്‍ നീണ്ട പരിപാടിയില്‍ വെള്ളിപറമ്പ് വീ സ്‌മൈല്‍ സ്‌പെഷേയല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും പൊതുപ്രവര്‍ത്തകരും പങ്കെടുത്തു. രാവിലെ ബേപ്പൂര്‍ പുലിമുട്ടില്‍ സംഗമിച്ച ടീം 11മണിക്ക് ബേപ്പൂര്‍ മറീനയില്‍ നിന്ന് ചാലിയാറിലൂടെ കടലുണ്ടിയിലെ തുരുത്തുകള്‍ താണ്ടി ഫറോക്ക് പഴയ പാലം വഴി നടത്തിയ ബോട്ടുയാത്ര വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി.
യാത്രയിലുടനീളം കാഴ്ചകളും മാന്ത്രികന്‍ പ്രദീപ് ഹുഡിനൊ നടത്തിയ ജാലവിദ്യയുമെല്ലാം സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആസ്വദിച്ചു. ഉച്ചയ്ക്കു ശേഷം നടുവട്ടം തസര വീവിംഗ് സെന്ററും വൈലാലില്‍ ഭവനവും സംഘം സന്ദര്‍ശിച്ചു. വൈലാലില്‍ വീട്ടിലെ മാങ്കോസ്റ്റിന്‍ മരച്ചുവട്ടില്‍ ഒത്തുകൂടി ബഷീറിന് ആദരാഞ്ജലി അര്‍പ്പിച്ചു. നടുവട്ടം തസരാ നെയ്ത്തു കേന്ദ്രത്തില്‍ വിദേശികളായ സഞ്ചാരികള്‍ കുട്ടികളുമായി സല്ലപിച്ചു. ലയണ്‍സ് ക്ലബ്ബ് ഓഫ് കോഴിക്കോട് നന്മയും ഗവ. ആര്‍ട്‌സ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. പത്രപ്രവര്‍ത്തകന്‍ എം.എ ബഷീര്‍ , എം.കെ പ്രമോദ്, മനോഹര്‍ലാല്‍, ബാബു അപ്പാട്ട് ലയണ്‍സ് ഡിസ്ട്രിക്ട് പി.ആര്‍.ഒ സുനിത ജ്യോതി പ്രകാശ്, സൈനബടീച്ചര്‍ (വീ സ്‌മൈല്‍ ) തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.