മാഹി: ചാലക്കര ഉസ്മാന്‍ ഗവ. ഹൈസ്‌കൂള്‍ വാര്‍ഷിക ദിനാഘോഷമായ ‘ഉല്ലാസം 2023’ പങ്കാളിത്തം കൊണ്ട് ഒരുത്സവമായി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മുടങ്ങിപ്പോയ ആഘോഷ രാവ് വിദ്യാര്‍ഥികളും രക്ഷിതക്കളും പൂര്‍വ വിദ്യാര്‍ഥികളും നാട്ടുകാരും ഒത്തുചേര്‍ന്നതോടെ ആഘോഷമായി മാറുകയായിരുന്നു. മാഹി എം.എല്‍.എ. രമേശ് പറമ്പത്ത് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് കെ.വി സന്ദീപ് അധ്യക്ഷത വഹിച്ചു. മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷന്‍ ഉത്തമരാജ് മാഹി മുഖ്യാതിഥിയായെത്തി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഉപ പ്രധാനാധ്യാപിക എ.ടി പത്മജ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമഗ്ര ശിക്ഷ മാഹി എ.ഡി.പി.സി ഹരീന്ദ്രന്‍ കെ.പി, മാഹി സംയുക്ത അധ്യാപക രക്ഷാകര്‍തൃ സമിതി അധ്യക്ഷന്‍ ഷാനിദ് മേക്കുന്ന്, സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ സഹപാഠി പ്രസിഡന്റ് കെ.മോഹനന്‍ , മാതൃ സമിതി ചെയര്‍ പേഴ്‌സസണ്‍ കെ.രസ്‌ന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രധാനാധ്യാപകന്‍ എം.മുസ്തഫ സ്വാഗതവും സ്‌കൂള്‍ ലീഡര്‍ എ.ശീതള്‍ നന്ദിയും പറഞ്ഞു. അധ്യയന വര്‍ഷം അക്കാദമിക രംഗത്ത് മികവു പുലര്‍ത്തിയ കുട്ടികളേയും കലാ കായിക രംഗത്ത് ദേശീയ, സംസ്ഥാന തലങ്ങളില്‍ നേട്ടമുണ്ടാക്കിയ പ്രതിഭകളെ ഉപഹാരവും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു. വാര്‍ഷിക ദിനാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കലാസാഹിത്യ കായിക മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു. തുടര്‍ന്ന് പ്രീ പ്രൈമറി മുതല്‍ പത്താം ക്ലാസുവരെയുള്ള കുട്ടികളവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി.