കൂമുള്ളി വായനശാല ഇനി ഗിരീഷ് പുത്തഞ്ചേരി സ്മാരകം

കൂമുള്ളി വായനശാല ഇനി ഗിരീഷ് പുത്തഞ്ചേരി സ്മാരകം

ഗിരീഷ് ഭാഷയെ ധ്യാനിച്ച വ്യക്തിയെന്ന് വി.ആര്‍ സുധീഷും തന്റെ സിനിമയുടെ ബ്രാന്റ് അംബാസിഡര്‍ പുത്തഞ്ചേരിയുടെ ഗാനങ്ങളെന്ന് ലാല്‍ ജോസും

 

കോഴിക്കോട് (അത്തോളി ): പാട്ടിന്റെ സൂര്യ കിരീടം തീര്‍ത്ത ഗിരീഷ് പുത്തഞ്ചേരിക്ക് ചരമ ദിനാചരണത്തില്‍ നാടിന്റെ ശ്രദ്ധാഞ്ജാലി. ജന്മദേശമായ പുത്തഞ്ചേരിയില്‍ നിന്നും പുസ്തകങ്ങള്‍ വായിക്കാന്‍ തുടക്കകാലത്ത് എത്തിയ കൂമുള്ളി വായനശാലയുടെ പേര് ഗിരീഷിന്റെ നാമകരണം ചെയ്തും അര്‍ദ്ധകായ പ്രതിമ സ്ഥാപിച്ചുമാണ് അദ്ദേഹത്തിന്റെ 13ാം ചരമ ദിനാചരണം നടത്തിയത്. അത്തോളി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം ‘സൂര്യ കിരീടം 23’ പരിപാടിയില്‍ പകല്‍ മുഴുവന്‍ പാട്ടെഴുത്ത് , ഗിരീഷ് പുത്തഞ്ചേരിയെ വരയ്ക്കല്‍ , ഗാനാലാപനം എന്നീ ഇനങ്ങളുടെ മത്സരം സംഘടിപ്പിച്ചു.

സാസ്‌കാരിക പരിപാടി ഗിരീഷിന്റെ അയല്‍വാസിയും സുഹൃത്തുമായ കഥാകൃത്ത് വി.ആര്‍ സുധീഷ് ഉദ്ഘാടനം ചെയ്തു. കഥ, കവിത പോലെ അത്ര എളുപ്പമുള്ളതല്ല പാട്ടെഴുത്ത്, അതിന് നല്ല വാക്കുകള്‍ വേണം. ഭാഷയെ ധ്യാനിച്ച ആളാണ് ഗിരീഷ്, ജപസന്ധ്യ പോലുള്ള പുതിയ വാക്കുകള്‍ പാട്ടെഴുത്തില്‍ കൊണ്ട വന്നത് ആ ധ്യാനത്തില്‍ നിന്നാണ്. ഗാനശാഖയെ സംബന്ധിച്ച് ഗവേഷണം നടക്കുന്ന ഇക്കാലത്ത് ഗിരീഷിന്റെ പാട്ടുകള്‍ പഠിക്കാന്‍ ഇടം ഉണ്ടാകണം, അത്തരമൊരു ശ്രമത്തിലുള്ള തുടക്കമാകട്ടെ സീര്യ കിരീട മെന്ന് വി.ആര്‍ സുധീഷ് പറഞ്ഞു.

സംവിധാകന്‍ ലാല്‍ ജോസ് മുഖ്യാതിഥിയായി. ഗിരീഷിന്റെ പാട്ടുകളാണ് സ്മാരകം. തന്റെ സിനിമയുടെ ബ്രാന്റ് അംബാസിഡര്‍ പുത്തഞ്ചേരിയുടെ വരികളാണ്. എല്ലാ ദിവസവും ഓര്‍ക്കും. തന്നേക്കാള്‍ മൂന്ന് വയസ് പ്രായം കൂടുതലാണ് ഗിരീഷിന്, എന്നിട്ടും ഗിരീഷേട്ടാ എന്ന് വിളിക്കാത്തതെന്തെന്ന് ഒരിക്കല്‍ ചോദിച്ചു. എന്തും പറയാമെന്നുളള സുഹൃത്തായിരിക്കാന്‍ അതാണ് നല്ലതെന്നാണ് മറുപടി കൊടുത്ത്. സൗഹൃദ കൂട്ടങ്ങളില്‍ മറ്റുള്ളവരുടെ രചനകളെയും സംഗീതത്തെ ഗഹനമായി ചര്‍ച്ച ചെയ്യും. എത്രയോ പകലും രാത്രികളും ഒരുമിച്ച് കഴിഞ്ഞു. നല്ല പാട്ടുകള്‍ സമ്മാനിച്ചു…ഓര്‍മ്മകള്‍ ഒരുപാട് …. ലാല്‍ ജോസിന്റെ കണ്ണ് നിറഞ്ഞു കണ്ഠമിടറി പ്രസംഗം നിര്‍ത്തി.

പാട്ടിന്റെ വരികളിലൂടെ സഞ്ചരിച്ച് ഗാന രചയിതാവ് രമേശ് കാവില്‍ അനുസ്മരണ പ്രഭാഷണം നടത്തി. നേരത്തെ ഗിരീഷ് പുത്തഞ്ചേരിയുടെ പ്രതിമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രനും കൂമുള്ളി വായനശാലക്ക് ഗിരീഷ് പുത്തഞ്ചേരി സ്മാരകം നാമകരണം സന്ദീപ് കുമാര്‍ നാലുപുരക്കലും നിര്‍വഹിച്ചു. പ്രതിമ നിര്‍മിച്ച ശില്‍പി സനോജ് കുറുവാളൂരിന് ഗിരീഷിന്റെ ഭാര്യ ബീന ഉപഹാരം സമര്‍പ്പിച്ചു. ഗാനാലപന മത്സരത്തില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സി.ആര്‍ ദേവനന്ദ, ഹരി ചന്ദന, നിവേദ് കൃഷ്ണ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സീനിയര്‍ വിഭാഗത്തില്‍ മിഥുന്‍ മോഹന്‍ ഒന്നാം സ്ഥാനവും നിഷില്‍, സനീഷ് കട്ടിപ്പാറ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

സിനിമ ഗാന രചന മത്സരത്തില്‍ ജനാര്‍ദ്ദനന്‍ പേരാമ്പ്ര, സന്ദീഷ് പി.വി ഇയ്യാട്, അമല്‍ജിത്ത് പാലാഴി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ചിത്ര രചനയില്‍ രഞ്ജിത്ത് അത്തോളി, സൂര്യകാന്ത് അത്തോളി, സന്ദീഷ് പി.വി ഇയ്യാട് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കൂമുള്ളിയില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് കുമാര്‍ നാലുപുരക്കല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സുനീഷ് നടുവിലയില്‍, ബിന്ദുരാജന്‍ മലയില്‍ എ.എം, സരിത,രേഖവെള്ളത്തോട്ടത്തില്‍, എന്‍ എസ് യു ദേശീയ സെക്രട്ടറി കെ.എം. അഭിജിത്, മുസ്ലീം ലീഗ് ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത്, ഗാന രചയിതാവ് മനു മഞ്ജിത്, കവിയും മാധ്യമ പ്രവര്‍ത്തകനുമായ രാധാകൃഷ്ണന്‍ ഒള്ളൂര്‍, മോഹനന്‍ പുത്തഞ്ചേരി, ഗിരീഷിന്റെ ബാല്യ കാല സുഹൃത്ത് കൃഷ്ണന്‍ പിലാച്ചേരി, പി.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, വി.കെ. രമേശ് ബാബു, കെ.എം.എ അസീസ്, ഹരി പനങ്കുറ, എന്‍.കെ.ദാമോദരന്‍, വി. ജയലാല്‍, പി.സോമന്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ സുനില്‍ കൊളക്കാട് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ അജീഷ് അത്തോളി നന്ദിയും പറഞ്ഞു. ഗിരീഷ് പുത്തഞ്ചേരിയുടെ ഹ്രസ്വ ബയോപിക്ക് , പുത്തഞ്ചേരി ഗാനങ്ങള്‍ കോര്‍ത്തിണക്കിയ നൃത്ത ശില്‍പ്പം ഉള്‍പ്പെടെ വിവിധ കലാപരിപാടികളും ഗിരീഷിനുള്ള ആദരാഞ്ജലി കൂടിയായി. ചെങ്ങന്നൂര്‍ ശ്രീകുമാര്‍ നയിച്ച ഗാനമേളയും അരങ്ങേറി.

Share

Leave a Reply

Your email address will not be published. Required fields are marked *