ചെന്നൈ: ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച വിധി ചെന്നൈ ഹൈക്കോടതി റദ്ദാക്കി. സിംഗിള്‍ ബെഞ്ച് വിധി ജസ്റ്റിസുമാരായ ആര്‍.മഹാദേവന്‍, മുഹമ്മദ് ഷെഫീഖ് എന്നിവരുടെ ബഞ്ചാണ് റദ്ദാക്കിയാത്. ആശയപ്രകാശനത്തിനും സംഘടിക്കാനുമുള്ള ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ നിഷേധിക്കും വിധം സര്‍ക്കാരുകള്‍ പെരുമാറരുതെന്നും കോടതി നിര്‍ദേശിച്ചു. അതിനാല്‍ നിയമപ്രകാരം അപേക്ഷിച്ചാല്‍ തമിഴ്‌നാട്ടിലെ പൊതുനിരത്തുകളില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ ആര്‍.എസ്.എസിന് അനുമതി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് പോലിസിനോട് നിര്‍ദേശിച്ചു.
റൂട്ട് മാര്‍ച്ചിന് മൂന്ന് തീയതികള്‍ നിര്‍ദ്ദേശിച്ച് പോലിസിന് അപേക്ഷ നല്‍കാമെന്ന് കോടതി ആര്‍.എസ്.എസിനും നിര്‍ദേശം നല്‍കി. റൂട്ട് മാര്‍ച്ചില്‍ പ്രകോപനങ്ങള്‍ ഒന്നും ഉണ്ടാകരുതെന്നും കോടതി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിന് സംസ്ഥാന വ്യാപകമായി റൂട്ട് മാര്‍ച്ച് നടത്താനുള്ള ആര്‍.എസ്.എസിന്റെ തീരുമാനം ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പോലിസ് തടഞ്ഞിരുന്നു.