അശോകന്‍ ചേമഞ്ചേരി
കോഴിക്കോട്: ചേമഞ്ചേരി കൊളക്കാടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ വലിയ ഒരു പങ്ക് സഖാവ് സി.പി കുഞ്ഞുവിനുണ്ട്. കോഴിക്കോട് നഗരത്തില്‍
ഒരു കാലിച്ചാക്ക് കച്ചവടക്കാരനായി ജീവിതമാരംഭിക്കുകയും പിന്നീട് രാഷ്ട്രീയരംഗത്ത് നിറസാന്നിധ്യമായി മാറിയ സഖാവ്, ജില്ലയിലെ നാനാഭാഗങ്ങളില്‍ നിന്നും വ്യാപാരാവശ്യാര്‍ത്ഥം എത്തുന്നവര്‍ക്ക് സുപരിചിതനായിരുന്നു. ഓരോ കടയില്‍ നിന്നും കാലിച്ചാക്ക് എടുക്കാന്‍ വരുമ്പോള്‍ കാണുന്നവരുമായി രാഷ്ടീയ വിഷയങ്ങള്‍ സംവദിക്കുക പതിവായിരുന്നു. കൊളക്കാട് അന്നൊരു വ്യവസായ കേന്ദ്രമായിരുന്നു. ചകിരി, ചൂടി, കൊപ്ര, തേങ്ങ, ഓല എന്നിവയുടെ കച്ചവടം വന്‍തോതില്‍ കൊളക്കാട് കേന്ദ്രീകരിച്ചു നടന്നിരുന്നു. വളരെ ദൂരെ നിന്നു തന്നെ ആളുകള്‍ കാല്‍ നടയായും തോണിയിലും ബോട്ടിലും കൊളക്കാട്ട് എത്തും വലിയങ്ങാടിയിലെ ചരക്ക് വില്‍പ്പനക്കാരായ എന്റെ അച്ഛനും (എം.കെ.സാമി ), മീശ എന്ന പേരില്‍ അറിയപ്പെടുന്ന മീശ ഇമ്പിച്ചി മമ്മു എന്നിവര്‍ സഖാവുമായി വലിയങ്ങാടിയില്‍ വച്ച് സ്ഥിരമായി കാണുന്നതുകൊണ്ട് നല്ല അടുപ്പത്തിലായിരുന്നു. ഈ പരിചയം വെച്ച് സി.പിയെ കൊളക്കാട്ടേക്ക് പാര്‍ട്ടി ക്ലാസ് നടത്താന്‍ ക്ഷണിക്കാറുണ്ടായിരുന്നു. പാര്‍ട്ടി അനുഭാവികള്‍ക്ക് അദ്ദേഹം ക്ലാസെടുക്കും, ചില ദിവസങ്ങളില്‍ എന്റെ വീട്ടില്‍ വച്ചായിരിക്കും പരിപാടി. രാത്രി ക്ലാസ് കഴിഞ്ഞ് വെറ്റിലപ്പാറ വരെ സഖാക്കള്‍ സി.പിയോടൊപ്പം പോകും, കോഴിക്കോട്ടേക്ക് പോകുന്ന ലോറി കൈകാണിച്ച് നിര്‍ത്തിച്ച് കയറ്റി വിടും. അപ്പോഴേക്കും 12 മണി കഴിഞ്ഞിട്ടുണ്ടാവും. കോഴിക്കോട് ഇറങ്ങിയ ശേഷം ഫ്രാന്‍സിസ് റോഡ് വഴി ഇടിയങ്ങരരയിലെ വീട്ടിലെത്തും. 1978 കൊളക്കാട് ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ചതാണ് കൊളക്കാട്ടേക്കുള്ള സഖാവിന്റെ അവസാന വരവ്. കൊളക്കാട്ടെ സി.പിയുടെ ക്ലാസില്‍ പങ്കെടുത്തവരില്‍ ഇന്ന് ജീവിച്ചിരിക്കുന്നവര്‍ മൂന്ന് പേര്‍ മാത്രം. ത്യാഗ പൂര്‍ണ്ണമായ സഖാവിന്റെ ഓര്‍മ്മക്ക് മുമ്പില്‍ ഒരുപിടി രക്ത പുഷ്പങ്ങള്‍ അര്‍പ്പിക്കട്ടെ.