മാഹി: മയ്യഴി ഇന്നലെ അക്ഷരാര്‍ത്ഥത്തില്‍ വിറങ്ങലിച്ചുപോയ സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.
രാവിലെ പത്തര മണിയോടെ നിനച്ചിരിക്കാതെ സൈറണ്‍ മുഴക്കി അതിവേഗതയില്‍ ഫയര്‍ ഫോഴ്‌സും, തൊട്ടു പിറകില്‍ ആംബുലന്‍സും പോലിസുമെല്ലാം ചീറിപ്പാഞ്ഞ് പോയപ്പോള്‍ എന്താണ് സംഭവിച്ചതെന്നറിയാതെ പലരും പോലീസിലേക്കും ഫയര്‍ഫോഴ്സിലേക്കും പൊതു പ്രവര്‍ത്തകരുടെ ഫോണുകളിലേക്കും വിളിച്ചു. മറ്റ് ചിലര്‍ ഇരുചക്രവാഹനങ്ങളില്‍ വാഹന വ്യൂഹം കടന്നുപോയ വളവില്‍ കടപ്പുറം ഭാഗത്തേക്ക് കുതിച്ചു.
വൃദ്ധരും കുട്ടികളുമടങ്ങുന്നവരെ തിരക്കിട്ട് വാഹനങ്ങളില്‍ കയറ്റുന്നതാണ് അവര്‍ കണ്ടത്. റവന്യൂ ഉദ്യോഗസ്ഥര്‍ ഉച്ചഭാഷിണിയിലൂടെ ചുഴലിക്കാറ്റിന്റേയും, കടല്‍ക്ഷോഭത്തിന്റേയും മുന്നറിയിപ്പുമായി കടലോരമാകെ ഓടി നടക്കുന്നുണ്ട്. അപ്പോഴേക്കും മയ്യഴിയിലെ പോലീസ് മേധാവി രാജശങ്കര്‍ വെള്ളാട്ടുമെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കാര്യമറിയാതെ വീട്ടമ്മമാരും വൃദ്ധജനങ്ങളും വിടിന് പുറത്തേക്ക് ചാടിയിറങ്ങി. മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തിയോടെ കാര്യം തിരക്കിക്കൊണ്ടിരുന്നു.
പ്രകൃതിക്ഷോഭത്തെ കരുതിയിരിക്കാന്‍ മയ്യഴി ഭരണകൂടം നടത്തിയ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ബോധവല്‍ക്കരണ പരിപാടിയാണിതെന്ന് പറഞ്ഞപ്പോഴാണ് പലര്‍ക്കും ശ്വാസം നേരെ വീണത്. പലയിടങ്ങളില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളും പേടിച്ചു പോയി. പള്ളൂര്‍, ഇടയില്‍ പീടിക പ്രദേശങ്ങളില്‍ കെട്ടിടം തകര്‍ന്ന് വീണാലുള്ള രംഗം ആവിഷ്‌ക്കരിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങളുടെ രീതികള്‍ യഥാര്‍ഥമായി ചിത്രീകരിക്കുകയും ചെയ്തു. ചെമ്പ്ര, ചെറുകല്ലായി കുന്നിന്‍ പ്രദേശങ്ങളില്‍ മണ്ണിടിച്ചിലുണ്ടാകുന്ന വേളയിലെ രക്ഷാപ്രവര്‍ത്തന മാതൃകകളാണ് ത്വരിതഗതിയില്‍ അവതരിപ്പിച്ചത്. മാഹി മൈതാനിയില്‍ പ്രത്യേകം സജ്ജമാക്കിയ കണ്‍ട്രോള്‍ റൂമിലിരുന്ന് മയ്യഴി ഭരണാധികാരി ശിവ്‌രാജ് മീണ എല്ലാ പ്രവര്‍ത്തനങ്ങളേയും സംയോജിപ്പിച്ചു. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ. പവിത്രന്‍, ഡെ. തഹസില്‍ദാര്‍ എന്‍.പി അജിത്കുമാര്‍, പൊതുമരാമത്ത് എക്‌സി.എന്‍ജിനീയര്‍ ബാലസുബ്രഹ്‌മണ്യന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ ശിവകുമാര്‍ , ഫയര്‍ ഓഫീസര്‍ രതിഷ്‌കുമാര്‍ തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ നേതൃത്വപരമായ പങ്കുവഹിച്ചു. മാഹി ഗവ.മിഡില്‍ സ്‌കൂളില്‍ ഒരുക്കിയ താല്‍ക്കാലിക പുനരധിവാസ കേന്ദ്രത്തിലേക്ക് പല ഭാഗങ്ങളില്‍ നിന്നുമുള്ളവരെ പല വാഹനങ്ങളിലായി എത്തിച്ചുകൊണ്ടിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മതിലിടിഞ്ഞ് ഒരു കുടുംബത്തിലെ ഏഴ് പേര്‍ ദാരുണമായി മരണപ്പെട്ടതും, സുനാമി വേളയില്‍ കടല്‍ ഉള്‍വലിഞ്ഞ് പോയതും, ചെറുതായെങ്കിലും ഭൂകമ്പമുണ്ടായതും, ചാലക്കര ,പള്ളൂര്‍, പന്തക്കല്‍ വയലുകളില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ തോണികളിറക്കേണ്ടി വന്നതുമൊക്കെ മയ്യഴിക്കാര്‍ ഒരു വട്ടം കൂടി ഓര്‍മിക്കാന്‍ അപ്രതീഷിതമായി നടത്തിയ മോക്ഡ്രില്‍ കാരണമായി.