ന്യൂമാഹി: അഴീക്കല്‍ ബീച്ചിലെ പ്രകൃതിദത്ത പാറക്കെട്ടായ കൊതകൊത്തി പാറയില്‍നിന്ന് ആരംഭിച്ച് പെരിങ്ങാടിയില്‍ നിര്‍മിച്ച ന്യൂമാഹി ബോട്ട് ടെര്‍മിനല്‍ വരെ ആകര്‍ഷകമായ നിലയില്‍ വോക്ക് വേയും, സൗന്ദര്യവല്‍ക്കരണവുമടങ്ങിയ മയ്യഴിപ്പുഴയോര ടൂറിസം പദ്ധതിക്ക് ബജറ്റില്‍ ഒരു കോടി രൂപ വകയിരുത്തി. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ മറുപടി പ്രസംഗത്തിലാണ് മയ്യഴി വിനോദ സഞ്ചാര മേഖലയ്ക്ക് ഒരു കോടി പ്രഖ്യാപിച്ചത്. ചൊക്ലി, ന്യൂമാഹി പ്രദേശത്തെ പുഴയോരത്തെ ഉപയോഗപ്പെടുത്തി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ടൂറിസം പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍, ഡി.പി.ആര്‍ എന്നിവയ്ക്കുള്ളതാണ് ഈ തുക. ഡി.പി.ആര്‍ അനുസരിച്ച് പദ്ധതി യാഥാര്‍ഥ്യമാവാന്‍ മതിയായ തുക സര്‍ക്കാര്‍ അനുവദിക്കേണ്ടതുണ്ട്.
മയ്യഴിപ്പുഴയോരം ഹെറിറ്റേജ് ആന്‍ഡ് ഇക്കോ ടൂറിസം പദ്ധതി (എം.എ.എച്ച്.ഇ പ്രൊജക്ട്) എന്നാണ് 300 കോടിയില്‍പരം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ടൂറിസം വികസന പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. മലബാര്‍ റിവര്‍ ക്രൂസ് പദ്ധതിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ ന്യൂമാഹി ബോട്ട് ടെര്‍മിനലും എം.മുകുന്ദന്‍ പാര്‍ക്കും അഴീക്കലില്‍ കടല്‍ത്തീരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ കൊതകൊത്തി പാറയും കുറിച്ചിയില്‍ കഴിഞ്ഞ കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന കൊളോണിയല്‍ ആധിപത്യത്തിന്റെ അവശിഷ്ടമായ പഴയ വിളക്കുമരവും എല്ലാം ഈ മേഖലയിലെ ടൂറിസം മേഖലയിലെ വികസനത്തിന് സഹായകരമാകുന്ന ഘടകങ്ങളാണ്.
ന്യൂ മാഹി കുറുങ്ങോട്ട് നാട്ടുരാജ്യത്തിന്റെ ആസ്ഥാനവും കുറിച്ചിയിലാണ്. പുഴയിലും കടലിലും സാഹസിക ടൂറിസം പ്രോഗ്രാമുകള്‍, മായം കലര്‍ത്താത്ത രുചികരമായ കടല്‍ വിഭവങ്ങള്‍ സഞ്ചാരികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള കഫ്റ്റീരിയകള്‍, കിയോസ്‌കുകള്‍ എന്നിവയും നിര്‍മ്മിക്കും. ന്യൂമാഹി ടൗണില്‍ സാംസ്‌കാരിക പരിപാടികള്‍ നടത്തുന്നതിന് ഒരു ഓപ്പണ്‍ സ്റ്റേജും നിര്‍മിക്കും. സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക.