തിരുവനന്തപുരം: അനുവദിച്ചിരുന്ന തുക ചെലവാക്കി കഴിഞ്ഞതിനാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമാന യാത്ര ചെലവിന് 30 ലക്ഷം രൂപ അധികം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ഡിസംബര്‍ 30 നാണ് ഗവര്‍ണറുടെ സെക്രട്ടറി പണം ആവശ്യപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക നിയന്ത്രണവും അധിക നികുതി നിര്‍ദേശവും ഉള്ളപ്പോഴാണ് ഗവര്‍ണര്‍ക്ക് അധിക തുക അനുവദിച്ചത്.
നേരത്തെ രാജ്ഭവനിലെ താല്‍ക്കാലിക ഫോട്ടോഗ്രാഫറെയും 20 താല്‍ക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തണമെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ആരിഫ് മുഹമ്മദ് ഖാന്റെ ആവശ്യം പരിഗണിച്ച് ഫോട്ടോഗ്രാഫറെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുകയും ചെയ്തിരുന്നു. ഗവര്‍ണര്‍ പ്രത്യേക താല്‍പ്പര്യപ്രകാരം മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവില്‍ എടുത്ത് പറയുന്നുമുണ്ട്. ഫെബ്രുവരി 17 നാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.