കോഴിക്കോട്: ജില്ലയെ ഒരു കയറ്റുമതി ഹബ്ബാക്കി മാറ്റാനുള്ള യത്നത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു ജില്ല ഒരു ഉല്‍പന്നം സെമിനാറില്‍ വ്യാപാര മേഖലയുടെ വന്‍ പങ്കാളിത്തം. പഴം-പച്ചക്കറികള്‍, പാദരക്ഷകള്‍, ഭക്ഷ്യോല്‍പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധവ്യഞ്ജന ഉല്‍പന്നങ്ങള്‍, മധുരപലഹാരങ്ങള്‍ തുടങ്ങിയവയാണ് ജില്ലയില്‍ നിന്നുള്ള പ്രധാന കയറ്റുമതി ഉല്‍പന്നങ്ങള്‍. ഇവയുടെ കയറ്റുമതി സാധ്യതകള്‍, ഈ രംഗത്തെ അവസരങ്ങള്‍, നേരിടുന്ന വെല്ലുവിളികള്‍ എന്നിവയും ലോജിസ്റ്റിക്സ്, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ ആവശ്യകതയെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനുമായി മലബാര്‍ പാലസിലാണ് പരിപാടി സംഘടിപ്പിച്ചത്. കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥര്‍ കയറ്റുമതിക്കാരുടെ സംശയങ്ങള്‍ ദൂരീകരിച്ചു.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ്(എഫ്.ഐ.ഇ.ഒ), കമ്മീഷണറേറ്റ് ഓഫ് കസ്റ്റംസ് ഓഫിസ്, ഫോറിന്‍ ട്രേഡ് ജോയിന്റ് ഡയരക്ടര്‍ ജനറലിന്റെ ഓഫിസ്, ജില്ലാ വ്യവസായ കേന്ദ്രം കോഴിക്കോട്, കെ.എസ്.ഐ.ഇ , കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറം, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫുട്വെയര്‍ ഇന്‍ഡസ്ട്രീസ്, ബാങ്ക് ഓഫ് ബറോഡ എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ജില്ലയില്‍ കയറ്റുമതി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നവ്യാനുഭവമായി.
ചടങ്ങില്‍ ഉന്നത വ്യവസായ മേഖലയിലെ 2021-22 ലെ എക്സ്പോര്‍ട്ട് എക്സലന്‍സ് അവാര്‍ഡ് പി.കെ സ്റ്റീലിനു വേണ്ടി കയറ്റുമതി വിഭാഗം മാനേജര്‍ പി.കെ രജിത്ത്, ടാക്‌സ് മാനേജര്‍ സൈലേഷ് എന്നിവരും സംസ്ഥാനത്തു നിന്ന് കൂടുതല്‍ പച്ചക്കറികള്‍ കയറ്റിയയച്ചതിനുള്ള അവാര്‍ഡ് കരിപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ.എന്‍.പി എക്‌സ്‌പോര്‍ട്ട് ആന്‍ഡ് ഇംപോര്‍ട് കാലിക്കറ്റ് പ്രൊപ്രൈറ്റര്‍ സുഫ്‌യാന്‍ കാരിക്കും സമ്മാനിച്ചു.
പരിപാടി കസ്റ്റംസ് കമ്മിഷണര്‍ മനേഷ് വിജയ് ഉദ്ഘാടനം ചെയ്തു. കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറം പ്രസിഡന്റ് കെ.എം ഹമീദലി അധ്യക്ഷത വഹിച്ചു. കരിപ്പൂര്‍ വിമാനത്താവള ഡയരക്ടര്‍ എസ്.സുരേഷ്, ഫോറിന്‍ ട്രേഡ് ഡയരക്ടര്‍ ജനറല്‍ കെ.എം ഹരിലാല്‍, ജി.എസ്.ടി ജോയിന്റ് കമ്മിഷണര്‍ വീരമുത്തു (കേന്ദ്ര ജി.എസ്.ടി), എഫ്.ഐ.ഇ.ഒ ഡയരക്ടര്‍ ജനറല്‍ കെ.ഉണ്ണികൃഷ്ണന്‍, കെ.എസ്.ഐ.ഇ യൂണിറ്റ് മേധാവി ജ്യോതി ശങ്കര്‍, ജില്ലാ വ്യവസായ കേന്ദ്രം ജന. മാനേജര്‍ ബിജു, ഫോറം ജന.സെക്രട്ടറി മുന്‍ഷിദ് അലി, സി.ഐ.എഫ്.ഐ മേഖലാ മേധാവി ബാബു മാളിയേക്കല്‍, സംസാരിച്ചു. കയറ്റുമതി രംഗത്തുള്ള 120 സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
സെമിനാറിനു ശേഷം നടന്ന ചര്‍ച്ചയില്‍ ജില്ലാ വ്യവസായ വകുപ്പ്, ബാങ്ക് ഓഫ് ബറോഡ, ജി.എസ്.ടി, കെ. എസ്.ഐ.ഇ പ്രതിനിധികള്‍ പങ്കെടുത്തു. കയറ്റുമതിക്കാരുടെ വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ 15ന് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ വച്ച് പച്ചക്കറി, പാദരക്ഷാ യൂണിറ്റുകളുടെ ഒരു സംയുക്ത ചര്‍ച്ച കേരള എക്‌സ്‌പോര്‍ട്ടേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കും.