വയനാട്ടില്‍ കടുവ കെണിയില്‍ കുടുങ്ങി ചത്ത സംഭവം; വനംവകുപ്പ് ചോദ്യംചെയ്തയാള്‍ തൂങ്ങി മരിച്ചു

വയനാട്ടില്‍ കടുവ കെണിയില്‍ കുടുങ്ങി ചത്ത സംഭവം; വനംവകുപ്പ് ചോദ്യംചെയ്തയാള്‍ തൂങ്ങി മരിച്ചു

അമ്പലവയല്‍: വയനാട്  അമ്പുകുത്തി പാടിപറമ്പില്‍ കെണിയില്‍ കുരുങ്ങി കടുവ ചത്ത സംഭവത്തില്‍ വനംവകുപ്പ് ചോദ്യം ചെയ്തയാള്‍ ആത്മഹത്യ ചെയ്തു. നാലുസെന്റ് കോളനിയിലെ ഹരിയെയാണ് ഇന്ന് പുലര്‍ച്ചയോടെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വനംവകുപ്പിന്റെ ഭീഷണയെ തുടര്‍ന്നാണ് ഹരി ആത്മഹത്യ ചെയതതെന്ന് കുടുംബം ആരോപിച്ചു. എന്നാല്‍ ആരോപണം വനംവകുപ്പ് നിഷേധിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് അമ്പുകുത്തി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്തേരി നഗരത്തില്‍ പ്രകടനം നടക്കുകയാണ്. ഒരാഴ്ച മുമ്പാണ് പാടിപറമ്പിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കടുവയെ കഴുത്തില്‍ കുരുക്ക് മുറുകി ചത്ത നിലയില്‍ കണ്ടെത്തിയത്. വൈകുന്നേരം അഞ്ച് മണിയോടെ ഹരിയടക്കമുള്ളവര്‍ കടുവ ചത്ത് കിടക്കുന്നത് കണ്ടെന്നാണ് വനംവകുപ്പിന് ലഭിച്ചിരുന്ന വിവരം. ഒന്നരവയസ്സുള്ള ആണ്‍കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥലം ഉടമക്കെതിരേ വനംവകുപ്പ് കേസെടുത്തിരുന്നു.

എന്നാല്‍ സ്ഥലം ഉടമ മുഹമ്മദ് വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നുവെന്നും കേസെടുത്ത് മുന്നോട്ട് പോയാല്‍ പ്രതിഷേധം കനക്കുമെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വനംവകുപ്പിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തന്റെ പറമ്പില്‍ അതിക്രമിച്ച് കടന്ന് കുരുക്ക് സ്ഥാപിച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സ്ഥലം ഉടമ മുഹമ്മദ് അമ്പലവയല്‍ പോലിസില്‍ പരാതിയും നല്‍കിയിരുന്നു. ഇതോടെയാണ് കടുവയുടെ ജഡം ആദ്യം കണ്ടവരിലേക്ക് വനംവകുപ്പ് അന്വേഷണം നീങ്ങിയതെന്നാണ് നിഗമനം.

 

Share

Leave a Reply

Your email address will not be published. Required fields are marked *