ന്യൂഡല്‍ഹി: ഒരിടവേളക്ക് ശേഷം ബോളിവുഡില്‍ നിന്നുണ്ടായ വിജയ ചിത്രം പഠാനെ പ്രശംസിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി. ശ്രീനഗറിലെ ഐനോക്‌സ് റാം മുന്‍ഷി ബാഗില്‍ നടന്ന പഠാന്റെ ഹൗസ്ഫുള്‍ ഷോകളെ അഭിനന്ദിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. പതിറ്റാണ്ടുകള്‍ക്ക് ശേഷം ശ്രീനഗറിലെ തിയേറ്ററുകള്‍ ഹൗസ്ഫുള്‍ ആയി എന്ന് മോദി പറഞ്ഞു. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ സംസാരിക്കവേ ആയിരുന്നു അദ്ദേഹത്തിന്റെ അഭിനന്ദനം. പഠാനെതിരേ നടന്ന ബഹിഷ്‌കരണാഹ്വാനങ്ങളിലും പ്രതിഷേധങ്ങളിലും പ്രതികരണവുമായി നേരത്തെ പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു.
ബോളിവുഡിനെക്കുറിച്ചും ബോളിവുഡ് താരങ്ങളെക്കുറിച്ചും അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തരുതെന്നായിരുന്നു അന്ന് മോദി പറഞ്ഞത്. അതേ സമയം ബോക്‌സോഫിസില്‍ പഠാന്‍ വിജയ കുതിപ്പ് തുടരുകയാണ്. ഇതേ രീതിയില്‍ മുമ്പോട്ടു പോയാല്‍ 1000 കോടി നേട്ടം വളരെ പെട്ടെന്നു തന്നെ പഠാന് എത്തിപ്പിടിക്കാം. നാല് വര്‍ഷത്തിന് ശേഷം റിലീസ് ചെയ്യുന്ന ഷാരുഖ്ഖാന്‍ ചിത്രമെന്ന നിലയില്‍ ഏറെ പ്രതീക്ഷയോടു കൂടിയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. എന്നാല്‍ ദീപികയുടെ ചിത്രത്തിലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ചിത്രത്തിനെതിരേ ബോയ്‌ക്കോട്ട് ക്യാമ്പയിന്‍ നടന്നിരുന്നു. എന്നാല്‍ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ചിത്രം വമ്പന്‍ വിജയമാകുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം 865 കോടിയാണ് ലോകമെമ്പാടുമായി പഠാന്‍ നേടിയിരിക്കുന്നത്. ഹിന്ദി സിനിമ ചരിത്രത്തില്‍ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമെന്ന ഖ്യാതിയും പഠാന്‍ സ്വന്തമാക്കിയിരിക്കുകയാണ്.
ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് സിദ്ധാര്‍ത്ഥ് ആനന്ദ് ആണ്. യാഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമായ ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്. ദീപിക പദുകോണ്‍ നായികയായ ചിത്രത്തില്‍ ജോണ്‍ എബ്രഹാം പ്രതിനായക വേഷത്തില്‍ എത്തിയിരുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ഒരു കാമിയോ റോളില്‍ സല്‍മാന്‍ ഖാനും ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടു.