നാദാപുരം: ഗ്രാമപഞ്ചായത്ത് 2023-24 വര്‍ഷത്തേക്ക് 15 കോടിയുടെ വികസന പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ച് വികസന സെമിനാര്‍ സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്റിലൂടെ അനുവദിച്ച വിവിധ വികസന മേഖലകളിലെ ഫണ്ടുകള്‍ കൂടാതെ തനത് വരുമാനം 15% വര്‍ധിപ്പിച്ച് കണ്ടെത്തുന്ന തുക കൂടി ഉള്‍പ്പെടുത്തിയാണ് വികസന സെമിനാറുകളില്‍ നിര്‍ദേശിച്ച പദ്ധതികള്‍ നടപ്പിലാക്കുന്നത്. അഭ്യസ്തവിദ്യര്‍ക്ക് മാന്‍പവര്‍ ബാങ്ക് , പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളേയും കണ്ണി ചേര്‍ക്കുന്ന സദ്ഭരണം പദ്ധതി , അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍ , സ്ത്രീകളിലെ വിളര്‍ച്ച ഇല്ലാതാക്കുന്നതിന് രക്തത്തിലെ എച്ച്.ബി 12ല്‍ എത്തിക്കുന്നതിനുള്ള പദ്ധതി , അതി ദരിദ്രരുടെ ക്ഷേമ പദ്ധതി , ഒറ്റയ്ക്ക് താമസിക്കുന്നവരുടേയും വിധവകളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കു ന്നതിനുള്ള പദ്ധതികള്‍ , വൃത്തിയും വെടിപ്പുമുള്ള നാദാപുരം , മലിനജല മുക്തമായ തോടുകള്‍ , ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടി ഉല്പാദനമേഖലയിലുള്ള ഇടപെടല്‍ , എല്ലാ വാര്‍ഡുകളിലും വുമണ്‍ കൗണ്‍സിലിംഗ് സെന്ററുകള്‍ , ആരോഗ്യമേഖലയിലെ സമഗ്രമായ ഇടപെടല്‍ , അടിസ്ഥാന വികസന മേഖലയില്‍ റൂറല്‍ കണക്ടിവിറ്റി ഉറപ്പുവരുത്തി റോഡ് നിര്‍മാണം , മുഴുവന്‍ കെട്ടിടങ്ങളുടേയും ഡിജിറ്റല്‍ മാപ്പിംഗ് , സംരംഭ പ്രവര്‍ത്തനങ്ങള്‍ , സ്മാര്‍ട്ട് അങ്കണവാടികള്‍ എന്നീ പദ്ധതികള്‍ വികസന സെമിനാറില്‍ അവതരിപ്പിക്കപ്പെട്ടു.
വികസന സെമിനാര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷതവഹിച്ചു. ജില്ലാ പ്ലാനിംഗ് കമ്മിറ്റിയിലെ സര്‍ക്കാര്‍ പ്രതിനിധി എ.സുധാകരന് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ നയങ്ങള്‍ അവതരിപ്പിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് ചെയര്മാന് സി.കെ നാസര്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് കരട് വികസന രേഖ അവതരിപ്പിച്ചു. ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് രവീന്ദ്രന് കപ്പള്ളി , സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.സി സുബൈര്‍, ജനിത ഫിര്‍ദോസ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എ. സജീവന് , സി.എച്ച് നജ്മാ ബീവി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.പി ബാലകൃഷ്ണന്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.പി അബ്ദുല്‍ സലാം , ആസൂത്രണ സമിതി അംഗങ്ങളായ കെ.പി കുമാരന് മാസ്റ്റര്‍, പി.കെ ദാമു മാസ്റ്റര്‍ , അസിസ്റ്റന്റ് സെക്രട്ടറി ടി.പ്രേമാനന്ദന് എന്നിവര്‍ സംസാരിച്ചു. ജന പ്രതിനിധികള്‍ , നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ , വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ എന്നിവര്‍ വികസന സെമിനാറില്‍ പങ്കെടുത്തു.