മാഹി: റെയില്‍വെ സ്റ്റേഷനില്‍ വണ്ടിയിറങ്ങി മയ്യഴിയിലേക്ക് കടന്നു വരുന്നവരുടെ ശ്രദ്ധ ആകര്‍ഷിച്ച് ബോഗണ്‍വില്ല. മയ്യഴിയുടെ കിഴക്കന്‍ അതിര്‍ത്തിയിലെത്തുമ്പോള്‍ തന്നെ പൂത്തു നില്‍ക്കുന്ന ഇരുന്നൂറിലേറെ ബോഗണ്‍വില്ല ചെടികളാണ് സന്ദര്‍ശകരെ വരവേല്‍ക്കുക. പുതുച്ചേരിയിലെ റോഡുകളുടെ മാതൃകയില്‍ ഫ്രഞ്ചുകാരാല്‍ നിര്‍മ്മിക്കപ്പെട്ട കയറ്റിറക്കങ്ങളും വളവു തിരിവുകളുമില്ലാത്ത വിമോചന സമര നേതാവ് ഐ.കെ കുമാരന്‍ മാസ്റ്റരുടെ നാമധേയത്തിലുള്ള ഈ റോഡിന്റെ ഇരുവശങ്ങളിലുമായാണ് അഞ്ഞൂറ് മീറ്ററിലേറെ ദൂരത്തില്‍ പല വര്‍ണങ്ങളിലുമുള്ള പൂക്കള്‍ പൂത്തുലഞ്ഞ് നില്‍ക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി മയ്യഴിയുടെ പ്രവേശന കവാടത്തിന് പുഷ്പമാല്യം ചാര്‍ത്തി നില്‍ക്കുന്ന ഈ ആരാമ സൗഭഗം നാടിന് സമ്മാനിച്ചത് പ്രകൃതി സ്‌നേഹികളും, മാതൃകാ കര്‍ഷകരുമായ അഡ്വ.ടി.അശോക് കുമാറും അനില്‍കുമാറുമാണ്. നിത്യേന ഇവര്‍ ചെടികള്‍ക്ക് വെള്ളം നനയ്ക്കും. ആഴ്ചതോറും വളം നല്‍കിയും, നീണ്ടു വരുന്ന തണ്ടുകളെ മുറിച്ച് മാറ്റിയും പരിപാലിക്കും. ഇത്തരത്തില്‍ തെരുവോരങ്ങളെ ഉദ്യാനങ്ങളാക്കി മാറ്റാന്‍ ,മയ്യഴിക്കകത്തും പുറത്തുമുള്ള പ്രകൃതി സ്‌നേഹികള്‍ക്ക് പ്രചോദനമാകട്ടെയെന്നാണ് ഇരുവരുടേയും ആഗ്രഹം.