‘മടിത്തട്ടി’ലെ രണ്ടാംബാല്യക്കാരെ കോഴിക്കോട്ട് സന്ദര്‍ശിച്ച് ഉണ്ണി മേനോനും വടകരയില്‍ സന്ദര്‍ശിച്ച് നടക്കാവ് സ്‌കൂളിലെ കുട്ടികളും

‘മടിത്തട്ടി’ലെ രണ്ടാംബാല്യക്കാരെ കോഴിക്കോട്ട് സന്ദര്‍ശിച്ച് ഉണ്ണി മേനോനും വടകരയില്‍ സന്ദര്‍ശിച്ച് നടക്കാവ് സ്‌കൂളിലെ കുട്ടികളും

കോഴിക്കോട്: നടക്കാവ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കൊച്ചുസന്ദര്‍ശകര്‍ക്കായി വടകര നാദാപുരം റോഡിലുള്ള യു.എല്‍ കെയര്‍ മടിത്തട്ടിലെ രണ്ടാം ബാല്യക്കാരായ അന്തേവാസികള്‍ മനസുനിറഞ്ഞു പാടി. ആദ്യം ഏറ്റുപാടി കൂടെക്കൂടിയ കൊച്ചുകൂട്ടുകാരും മുത്തശ്ശന്മാര്‍ക്കും മുത്തശ്ശികള്‍ക്കുമായി പാട്ടുകള്‍ പാടി. രസം മൂത്തപ്പോള്‍ ഇരുടീമുകള്‍ തമ്മിലുള്ള സൗഹൃദ പാട്ടുമത്സരമായി! നടക്കാവ് സ്‌കൂളിലെ സംരംഭകത്വക്ലബ്ബ് അംഗങ്ങളായ 35 പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളാണ് മടിത്തട്ടും അതു നടത്തുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ആസ്ഥാനവും സന്ദര്‍ശിച്ചത്. നൂറ്റാണ്ടു തികയുന്ന സൊസൈറ്റിയുടെ സംരംഭവിജയം പഠിക്കാനായിരുന്നു സന്ദര്‍ശനം. മടിത്തട്ടിലെ അനുഭവം കുട്ടികളെ വൈകാരികമായി സ്വാധീനിച്ചെന്നും സാമൂഹികസംരംഭം എന്തെന്നു മനസിലാക്കാന്‍ സന്ദര്‍ശനം സഹായിച്ചെന്നും കണ്‍വീനര്‍ പ്രശാന്തി പറഞ്ഞു. സന്തോഷ് കുമാര്‍, സുധ എന്നീ അധ്യാപകരും ഒപ്പം ഉണ്ടായിരുന്നു.

ഗുരു വാഗ്ഭടാനന്ദന്റേയും ഊരാളുങ്കലിലെ ശിഷ്യരുടേയും നവോത്ഥാന പോരാട്ടങ്ങളില്‍ തുടങ്ങുന്ന ഊരാളുങ്കല്‍ സൊസൈറ്റിയുടെ കഥ സൊസൈറ്റിയിലെ ഫിനാന്‍സ് ജനറല്‍ മാനേജര്‍ എസ്.എസ് ശ്രീശാന്ത് പറഞ്ഞുകൊടുത്തു. പ്രതിസന്ധികളും വളര്‍ച്ചയുടെ വിവിധഘട്ടങ്ങളും ഇന്നത്തെ വികാസവും കുട്ടികള്‍ സശ്രദ്ധം കേട്ടു. ഓരോ വിഭാഗവും സന്ദര്‍ശിച്ച വിദ്യാര്‍ഥികള്‍ സൊസൈറ്റിയുടെ ബഹുവിധ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായി ചോദിച്ചു മനസിലാക്കി. സൊസൈറ്റിയുടെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാനാണ് അവര്‍ അടുത്തുതന്നെയുള്ള യു.എല്‍ കെയര്‍ മടിത്തട്ടില്‍ എത്തിയത്. കോ-ഓര്‍ഡിനേറ്റര്‍ നിഞ്ജു മെറിന്‍ തോമസ് അവിടത്തെ പ്രവര്‍ത്തനങ്ങളും വയോജനങ്ങള്‍ക്കുള്ള സേവനങ്ങളും വിശദീകരിച്ചു. തുടര്‍ന്ന് അന്തേവാസികളുമായി നടത്തിയ കുശലങ്ങളാണ് പാട്ടുമത്സരത്തില്‍ കലാശിച്ചത്.

കോഴിക്കോട് കാരപ്പറമ്പ് വാഗ്ഭടാനന്ദ മന്ദിരത്തിലുള്ള യു.എല്‍ കെയര്‍ മടിത്തട്ടിലും ഒരു വിശിഷ്ട സന്ദര്‍ശകന്‍ ഉണ്ടായിരുന്നു – ഗായകന്‍ ഉണ്ണി മേനോന്‍. രാവിലെ അപ്രതീക്ഷിതമായാണ് അദ്ദേഹം മടിത്തട്ടില്‍ എത്തിയത്. മുതിര്‍ന്ന പൗരര്‍ക്കുള്ള ഈ പകല്‍ പരിചരണകേന്ദ്രത്തെക്കുറിച്ച് അറിഞ്ഞ് അവര്‍ക്കൊപ്പം അല്‍പനേരം ചെലവഴിക്കാന്‍ വന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മടിത്തട്ടില്‍ നടന്ന പിറന്നാളാഘോഷത്തില്‍ പങ്കെടുത്ത ഉണ്ണിമേനോന്‍ ‘ഒരു ചെമ്പനീര്‍ പൂവിറുത്തു’ എന്ന ഗാനം അന്തേവാസികള്‍ക്കായി പാടി. മടിത്തട്ടിലെ അമ്മമാരുടേയും അച്ഛന്മാരുടേയും ഗാനങ്ങള്‍ ആസ്വദിച്ച ഗായകന്‍ വീണ്ടും വരുമെന്നും പാട്ടു പാടുമെന്നും ഉറപ്പുനല്‍കിയാണു മടങ്ങിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *