തൃശൂര്‍: കലാകൈരളി കലാസാഹിത്യ സാംസ്‌കാരികവേദിയുടെ പുരസ്‌കാര സമര്‍പ്പണം മാര്‍ച്ച് ഏഴിന് ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്ക് കേരള സാഹിത്യ അക്കാദമിയിലെ വൈലോപ്പിള്ളി ഹാളില്‍വച്ച് ചലച്ചിത്രനടി ഊര്‍മ്മിള ഉണ്ണി ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നിര്‍മാതാവ് ഡോക്ടര്‍ എന്‍.എം ബാദുഷയാണ് മുഖ്യാതിഥി. സ്വാഗതസംഘം ചെയര്‍മാന്‍ ജോഫി ജെ.ജോസഫ് അധ്യക്ഷത വഹിക്കും. കവിയും ഗാനരചയിതാവും സാഹിത്യകാരനും ഗാന്ധിയനും പരിസ്ഥിതി സംരക്ഷകനും, വേനല്‍ക്കാലത്ത് പക്ഷികള്‍ക്ക് ജീവജലം നല്‍കാന്‍ ഒരുലക്ഷത്തിലേറെ മണ്‍പാത്രങ്ങള്‍ സൗജന്യമായി വിതരണം ചെയ്തതിന് മാന്‍ കി ബാത്തില്‍ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്ത ശ്രീമന്‍ നാരായണന് മഹാത്മജി പുരസ്‌കാരവും, ചലച്ചിത്ര ടെലിസീരിയല്‍ നടനും നിര്‍മാതാവും സാഹിത്യകാരനുമായ ഇബ്രാഹിംകുട്ടി, 60 സാഹിത്യ പുസ്തകങ്ങള്‍ രചിച്ച കവിയും ഗാനരചയിതാവും നോവലിസ്റ്റും നാടകകൃത്തുമായ ബേപ്പൂര്‍ മുരളീധരപണിക്കര്‍, ടെലിവിഷന്‍ വാര്‍ത്താമേഖലയിലെ മികവിന് മാതൃഭൂമി ന്യൂസ് അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ ഡോക്ടര്‍ ജി.പ്രസാദ്കുമാര്‍, മലയാള മനോരമ തൃശൂര്‍ യൂണിറ്റ് ചീഫ് ഫോട്ടോഗ്രാഫര്‍ റസല്‍ ഷാഹുല്‍ എന്നിവര്‍ക്ക് പ്രതിഭാ പുരസ്‌കാരങ്ങളും സമ്മാനിക്കും.
മികച്ച പുസ്തകങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ക്ക് ശോഭ വത്സന്‍ (കവിതാസമാഹാരം: ജന്മദൗത്യം), ഹാരിസ് രാജ് (മതസൗഹാര്‍ദ സന്ദേശഗ്രന്ഥം: സത്യവേദസാരങ്ങള്‍), ലൂക്കോസ് ലൂക്കോസ് (നര്‍മാനുഭവക്കുറിപ്പുകള്‍: ലൂക്കോസിന്റെ സുവിശേഷങ്ങള്‍), തച്ചിലോട്ട് നാരായണന്‍ (ചരിത്രപഠന ഗവേഷണഗ്രന്ഥം: ഇരുളരും സാമൂഹ്യ ജീവിതവും) എന്നിവരാണ് അര്‍ഹരായത്. മികച്ച സംഗീത വീഡിയോ ആല്‍ബം: തിരുവമ്പാടി കണ്ണന്‍ (നിര്‍മ്മാണം: സാജു എരുമേലി), സംവിധാനം: ജയരാജ് പണിക്കര്‍). ഓണ്‍ലൈന്‍ മാധ്യമമേഖലയിലെ മികവിന് സിനിമാപത്രം ചീഫ് എഡിറ്റര്‍ ഇന്ദു ശ്രീകുമാറിനും ഗ്രാമീണമേഖലയില്‍ മികച്ച ജനക്ഷേമ പരിപാടികള്‍ നടപ്പിലാക്കിയ കോഴിക്കോട് ജില്ലയിലെ പെരുവയല്‍ സേവാസമിതി ഫൗണ്ടേഷനും പുരസ്‌കാരങ്ങള്‍ നല്‍കും.