കോഴിക്കോട്: ‘നമ്മള്‍ ഇന്ത്യന്‍ ജനത’ എന്ന പ്രമേയത്തില്‍ സംസ്ഥാനത്ത് 7500 യൂണിറ്റുകളില്‍ എസ്.എസ്.എഫ് പീപ്പിള്‍സ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബഹുസ്വരതയും മതനിരപേക്ഷതയും പാരമ്പര്യമായി നിലനിന്നുവരുന്ന രാജ്യത്ത് വര്‍ഗീയതയും അസഹിഷ്ണുതയും സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഭരണകൂടത്തിന്റെ ഭാഗത്ത്‌നിന്ന് ഉയരുമ്പോള്‍ രാഷ്ട്രമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അത്തരം ഗൂഢമായ താല്‍പര്യങ്ങളെ തിരുത്തുക എന്നതാണ് പീപ്പിള്‍സ് കോണ്‍ഫറന്‍സ് ലക്ഷ്യം വയ്ക്കുന്നത്. ഏപ്രില്‍ 29ന് കണ്ണൂരില്‍ നടക്കുന്ന എസ്.എസ്.എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി കേരള വിദ്യാര്‍ഥി സമ്മേളനത്തിന്റെ ഭാഗമായാണ് പ്രാദേശിക തലത്തില്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. ഭരണകൂടത്തോടുള്ള ജനാധിപത്യപരമായ വിമര്‍ശനങ്ങളും വിയോജിപ്പുകളും ഉയര്‍ത്തുന്നത് രാജ്യത്തെക്കുറിച്ച് വെറുപ്പുല്‍പ്പാദിപ്പിച്ച് കൊണ്ടാവരുതെന്ന ആശയം കൂടുതല്‍ വ്യക്തതയോടെ കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെടും. കോര്‍പറേറ്റുകളെ പ്രീണിപ്പിക്കുകയും അനിയന്ത്രിതമായ വിലകയറ്റത്താല്‍ സാധാരണക്കാരനെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികളേയും കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്യും. രാഷ്ട്രീയ-സാംസ്‌കാരിക പ്രതിനിധികള്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ ഭാഗമാകും. വാര്‍ത്താസമ്മേളനത്തില്‍ എസ്.എസ്.എഫ് കേരള സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സുറൈജി സഖാഫി, സംസ്ഥാന സെക്രട്ടറിമാരായ ഡോ.ടി.അബൂബക്കര്‍, സി.എം സ്വാബിര്‍ സഖാഫി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അബ്ദുല്ല ബുഖാരി, കോഴിക്കോട് ജില്ലാ ജന.സെക്രട്ടറി അഫ്‌സല്‍ ഹുസൈന്‍ എന്നിവര്‍ സംബന്ധിച്ചു.