പി.എന്‍.പി അരൂര്‍
കോഴിക്കോട്: കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറി സ്‌കൂള്‍ മുറ്റത്തു തന്നെ കൃഷി ചെയ്യുകയാണ് നരിക്കാട്ടേരി എല്‍.വി.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. ഗ്രോ ബാഗുകളിലും ചട്ടികളിലുമാണ് കൃഷി. സ്‌കൂള്‍ മതിലിലും മുറ്റത്തുമായി വെണ്ട, പച്ചമുളക്, വഴുതിന, പടവലം, പൊട്ടിക്ക, കക്കിരി വിവിധ തരം ചീരകള്‍
എന്നിവയാണ് പ്രധാന കൃഷികള്‍. പ്രധാനാധ്യാപകന്‍ വി.കെ പ്രശാന്ത് കുമാറാണ് കൃഷിക്ക് മേല്‍നോട്ടം വഹിക്കുന്നത്. കുട്ടികളേയും ഒപ്പം കൂട്ടി അവര്‍ക്ക് കൃഷിയോടുള്ള അഭിരുചി വര്‍ധിപ്പിക്കുക എന്ന ഉദ്ദേശം കൂടി സ്‌കൂള്‍ മുറ്റത്തെ കൃഷികൊണ്ട് ഉദ്ദേശിക്കുന്നുണ്ട്. കുട്ടികള്‍ സ്വയമേവ നനയ്ക്കാനും പരിചരിക്കാനും മുന്നിട്ടിറങ്ങുന്നത് അധ്യാപകര്‍ക്കു കൂടി ആവേശം നല്‍കുകയാണ്. നേരത്തെ തന്റെ വീട്ടില്‍ കൃഷി ചെയ്യുന്ന പച്ചക്കറിയായിരുന്നു ഹെഡ്മാസ്റ്റര്‍ സ്‌കൂളില്‍ ഉപയോഗിച്ചിരുന്നത്. വിഷരഹിത പച്ചക്കറിയുടെ ഉപയോഗം കൂടുതല്‍ പേരില്‍ എത്തിക്കാന്‍ ശ്രമം നടത്തുകയാണ് വി.കെ പ്രശാന്ത് കുമാര്‍. പുറമേരി ഗ്രാമപഞ്ചായത്ത്
മികച്ച ജൈവകര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ച വ്യക്തിയാണ് പ്രശാന്ത് കുമാര്‍. രക്ഷിതാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ വീട്ടുമുറ്റക്കൃഷി സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അധ്യാപകരും പി.ടി.എയും.