അത്തോളി: അഞ്ച് ദിവസങ്ങളിലായി ആചാരാനുഷ്ഠാനങ്ങളാലും കലാപരിപാടികളാലും നാട് ഉത്സവമാക്കിയ കൊങ്ങന്നൂര്‍ ആശാരിക്കാവ് ഭഗവതി ക്ഷേത്ര മഹോത്സവത്തിന് നാളെ (വ്യാഴാഴ്ച) രാവിലെ 11 മണിയോടെ സമാപനം. പ്രധാന ഉത്സവ ദിനമായ ഇന്നലെ വെള്ളാട്ടും തിറ കെട്ടിയാട്ടവും ഭക്തി സാന്ദ്രമായി. മൂന്നാം ദിവസത്തില്‍ മാതൃ സമിതി അവതരിപ്പിച്ച തിരുവാതിരക്കളിയും ക്ഷേത്രാചര കലയായ വട്ടക്കളിയും ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വി.കെയര്‍ പോളി ക്ലിനിക്ക് നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പില്‍ നൂറു കണക്കിന് ആളുകള്‍ പങ്കെടുത്തു. പുലര്‍ച്ചെ മൂന്നു മണിയോടെ ക്ഷേത്രത്തിന്റെ ഐതിഹ്യവുമായി അഞ്ച് വേഷങ്ങളോടെ അവതരിപ്പിച്ച കണ്ഠത്ത് രാമന്‍ തിറയാണ് മറ്റ് കാവുകളില്‍ നിന്നും ഇവിടെ വേറിട്ട് നിര്‍ത്തുന്നത്. താലപ്പൊലി, ഭഗവതി തിറ, ഗുരുദേവന്‍ തിറ തുടങ്ങി ഗുളികന്‍ ചാന്ത് തിറ വരെ കെട്ടിയാട്ടം തുടര്‍ന്നു. മൂന്ന് ദിവസങ്ങളിലായി കലാപരിപാടികളും കെട്ടിയാട്ടക്കാരുടെ ഒറോക്കളിയും ആസ്വാദ്യകരമായി. ബാലുശ്ശേരി പനങ്ങാട് ബ്രദേര്‍സായിരുന്നു കെട്ടിയാട്ടക്കാര്‍. നാളെ രാവിലെ 11 മണിയോടെ വാളകം കൂടി സമാപനം
.