തിരുവനന്തപുരം: വെള്ളക്കരം കൂട്ടിയത് ആദ്യം നിയമസഭയില്‍ പ്രഖ്യാപിക്കാത്തതില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനെതിരേ സ്പീക്കറുടെ റൂളിങ്. ‘വെള്ളക്കരം വര്‍ധിപ്പിക്കുന്നത് തികച്ചും ഭരണപരമായ നടപടിയാണ്. എങ്കിലും സംസ്ഥാനത്ത് എല്ലാ വിഭാഗം ജനത്തെയും ബാധിക്കുന്ന തീരുമാനമാണെന്ന നിലയില്‍, സഭാ സമ്മേളനം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യം സഭയില്‍ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കില്‍ അത് ഉത്തമമായൊരു മാതൃകയായേനെ’- സ്പീക്കര്‍ എഎന്‍ ഷംസീര്‍ റൂളിങില്‍ വ്യക്തമാക്കി. സഭ നടക്കുമ്പോള്‍ ആരുമറിയാതെ വെള്ളക്കരം കൂട്ടിയത് സഭയോടുള്ള അനാദരവാണെന്ന പ്രതിപക്ഷപരാതിയില്‍ റോഷിയെ വിമര്‍ശിച്ചായിരുന്നു സ്പീക്കറുടെ റൂളിങ്.
വെള്ളക്കരം വര്‍ധനവിനെ വിചിത്രവാദങ്ങളുമായാണ് മന്ത്രി ന്യായീകരിച്ചത്. അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബം ഒരു ദിവസം 100 ലിറ്റര്‍ വെള്ളം ഉപയോഗിക്കുമോ എന്ന് ചോദിച്ച റോഷി അഗസ്റ്റിന്‍ ജല ഉപഭോഗം കുറയ്ക്കാന്‍ ജനങ്ങളെ പഠിപ്പിക്കേണ്ട സമയമായെന്നും പറഞ്ഞു. വിലവര്‍ദ്ധനവ് കേട്ട് ബോധം കെടുന്നയാള്‍ക്ക് കൊടുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടണമെങ്കില്‍ എം.എല്‍.എമാര്‍ കത്ത് തന്നാല്‍ മതിയെന്നായിരുന്നു റോഷി അഗസ്റ്റിന്റെ പരിഹാസം. ഇന്ന് വെള്ളം ഉപയോഗത്തിന്റെ വിചിത്ര കണക്കുകള്‍ ചോദിച്ചും പറഞ്ഞുമാണ് ന്യായീകരണം. 4912.42 കോടിയുടെ സഞ്ചിത നഷ്ടമാണ് വാട്ടര്‍ അതോറിറ്റിക്ക്. കെ.എസ്.ഇ.ബിക്ക് മാത്രമുള്ള കുടിശ്ശിക 1263 കോടി. കരംകൂട്ടാതെ പിടിച്ചുനില്‍ക്കാനാകില്ല, ഉപയോഗം കുറക്കേണ്ടതിന്റെ ആവശ്യകത കൂടി ജനത്തെ ഓര്‍മ്മിപ്പിക്കാനാണ് കരം കൂട്ടിയതെന്നും റോഷി പറഞ്ഞു.
എ.ഡി.ബിക്ക് വേണ്ടിയാണ് വെള്ളക്കരം കൂട്ടിയതെന്ന് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയ എം.വിന്‍സെന്റ് ആരോപിച്ചു. വെള്ളക്കരം കൂട്ടല്‍ സഭനിര്‍ത്തി ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഇന്ധന സെസ്സും കെ.എസ്.ഇ.ബി നിരക്കും വര്‍ദ്ധനവും വെള്ളക്കരം കൂട്ടലും ചേര്‍ത്ത് സര്‍ക്കാര്‍ ആകെ ജനത്തെ ആകെ പൊറുതിമുട്ടിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.