ചാലക്കര പുരുഷു
മാഹി: വിനോദ യാത്രാ ബോട്ട്, പെഡല്‍ ബോട്ട് എന്നിവയെ ചെറിയ തോതില്‍ മാത്രം വഹിക്കാന്‍ ശേഷിയുള്ള മയ്യഴിപ്പുഴയില്‍ ‘സ്പീഡ് ബോട്ട് സര്‍വീസ്’ നടത്തുന്നത് അപകടത്തെ മാടി വിളിക്കുകയാണ്. ചെറിയ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരുമായി നടത്തുന്ന സഹസികയാത്ര ഭയാനകമാണ്. ചെറിയ പുഴകളില്‍ ജലകേളിക്കു വേണ്ടിയോ, സാഹസിക ടൂറിസത്തിന്റെ പേരിലോ, ഉള്‍നാടന്‍ ജലാശയ വകുപ്പ് ഇത്തരം ബോട്ടുകള്‍ക്ക് അനുമതി കൊടുക്കുന്നത്, നശിച്ചുകൊണ്ടിരിക്കുന്ന പുഴയെ കൂടുതല്‍ നാശത്തിലെത്തിക്കെത്തിക്കും. സ്പീഡ് ബോട്ടുകള്‍ ജലത്തിന്റെ ഉപരിതലം മുതല്‍ അടിത്തട്ടുവരെ സൃഷ്ടിക്കുന്ന പ്രകമ്പനം ചെറുമല്‍സ്യങ്ങളടക്കമുള്ള ജലജീവികള്‍, ജലസസ്യങ്ങള്‍, തീരസസ്യാവരണം എന്നിവയെ നശിപ്പിക്കും. അമിതമായ പ്രകമ്പനവും അതുമൂലമുണ്ടാവുന്ന മര്‍ദവും താപവും അതിജീവിക്കുവാന്‍ ചെറുജീവികള്‍ പ്രാപ്തമല്ല. ഉപരിതല ഉഷ്ണജലം ഈ മര്‍ദം മൂലം താഴെക്ക് വ്യാപിച്ച് ജീവജാലങ്ങളുടെ നാശം പൂര്‍ണ്ണമാക്കും.
കടലില്‍ ഒരു സെല്‍ഷ്യസ് ചൂട് കൂടിയാല്‍ അത് 700മീറ്റര്‍ ആഴം വരെ പ്രതിഫലിക്കും. ശീതരക്തജീവികളാണ് മത്സ്യങ്ങള്‍. അവ അടിത്തട്ടില്‍ രക്ഷപ്പെടാമെന്ന് വെച്ചാല്‍ ഇവിടെ അത്രക്ക് ആഴവുമില്ല. ഇപ്പോള്‍ തന്നെ ഓവുകളിലൂടെ ഒഴുകിയെത്തുന്ന ദ്രവമാലിന്യവും വലിച്ചെറിയപ്പെടുന്നതും കരയില്‍നിന്നും ഒലിച്ചിറങ്ങുന്നതുമായ ഖരമാലിന്യങ്ങളും പുഴവെള്ളത്തെ മലിനമാക്കുകയും അതുമൂലം പി.എച്ഛ് മൂല്യത്തിലും ഓക്‌സിജന്റെ അളവിലും വരുത്തിയ വ്യതിയാനത്തെ അതിജീവിച്ച ചില ഇനങ്ങള്‍ മാത്രമേ ശേഷിക്കുന്നള്ളൂ. പലതരം ജനുസ്സും സ്പീഡ് ബോട്ടുമായി കൂട്ടിയിടിച്ച് തന്നെ ഇല്ലാതാകും. ഇവയുണ്ടാക്കുന്ന തിരകള്‍ കരയിലുള്ള സസ്യജാലങ്ങളെയും മത്സ്യപ്രജനനകേന്ദ്രങ്ങളെയും തകര്‍ക്കും. ഇവയെല്ലാം സൃഷ്ടിക്കുന്ന പരിസ്ഥിതി നാശം തീരദേശ സമൂഹത്തിന്റെ ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കുമെന്ന് പഠനങ്ങളുണ്ട്. സ്പീഡ് ബോട്ട് ഏല്‍പ്പിക്കുന്ന പ്രകമ്പനത്തെ നിയന്ത്രണവിധേയമാക്കാന്‍ അതിലെ യാത്രികര്‍ക്കും സാധ്യമല്ല. സാഹസിക ടൂറിസം ആവശ്യപ്പെടുന്ന സുരക്ഷാസംവിധാനമോ, കോസ്റ്റ്ഗാര്‍ഡോ മയ്യഴിപ്പുഴത്തീരത്തില്ല. മയ്യഴിപ്പുഴയുടെ വാഹകശേഷിക്കപ്പുറമുള്ള സ്പീഡ് ബോട്ട് സര്‍വീസ് അനുമതി അടിയന്തിരമായി പുനഃപരിശോധിക്കണം.