പി.എന്‍.പി അരൂര്‍
കോഴിക്കോട്: പ്രശസ്തമായ രുചിയേറും അരൂര്‍ ഒളോര്‍ മാങ്ങ അരൂരിലെ നിരവധി കര്‍ഷകരുടെ ഒരു സാമ്പത്തിക സ്രോതസ്സാണ്. കടത്തനാട്ടിലെ അരൂര്‍ എന്ന കൊച്ചുഗ്രാമത്തിലെ മിക്ക വീടുകളിലും ഒരു മാവെങ്കിലും കാണും. വിദേശരാജ്യങ്ങളില്‍ പോലും ഒളോര്‍ മാമ്പഴത്തിന് ആവശ്യക്കാര്‍ ഏറെയാണ്. വൃശ്ചിക കുളിരിലാണ് ഒളോര്‍ മാവുകള്‍ പൂത്തു തുടങ്ങുന്നത്. കടുത്ത വേനല്‍ക്കാലമാകുമ്പോള്‍ മീനമാസ ചൂടില്‍ അരൂരില്‍ എത്തുന്ന അതിഥികളുടെ തീന്‍ മേശപ്പുറത്ത് മധുരമൂറുന്ന അരൂര്‍ മാമ്പഴം കാണാനാകും. കര്‍ഷകരുടെ ഒരു പ്രധാന സാമ്പത്തിക സ്രോതസ്സാണ് ഈ ഒളോര്‍ മാമ്പഴം. മാമ്പഴത്തിന്റെ പ്രശസ്തി കൊണ്ട് തന്നെ ഭൗമസൂചിക പദവി നേടാന്‍ കാത്തുനില്‍ക്കുകയാണ് അരൂര്‍ ഒളോര്‍ മാമ്പഴം. ഉല്‍പ്പാദനം മെച്ചപ്പെടുത്താനുള്ള കര്‍മ്മ പദ്ധതികളുമായി കൃഷിവകുപ്പ്, തൃശൂര്‍ മണ്ണുത്തി കാര്‍ഷിക യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് ഗവേഷണം നടത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണ്. ഇതിനായി പുറമേരി ഗ്രാമപഞ്ചായത്ത് അധികൃതര്‍ മാമ്പഴ കര്‍ഷകരുടെ യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം മകരമാസം കഴിയാറായിട്ടും മാവുകള്‍ ഒന്നും പൂക്കാത്തത് കര്‍ഷകരെ കടുത്ത നിരാശയിലാക്കിയിട്ടുണ്ട്.