അദ്യഘട്ടം പോലെ പദയാത്ര വേണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിനായി കോണ്‍ഗ്രസ്. ഗുജറാത്തിലെ പോര്‍ബന്ദറില്‍ നിന്ന് അസമിലേക്ക് പദയാത്രക്കൊരുങ്ങുന്നതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. കൃത്യമായ തിയ്യതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. എന്നാല്‍, ഫെബ്രുവരി അവസാനത്തില്‍ ഛത്തീസ്ഗഢില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.
ഭാരത് ജോഡോയുടെ സമാപന വേളയില്‍ രണ്ടാം ഘട്ട യാത്രയെ പറ്റി രാഹുല്‍ ഗാന്ധി സൂചിപ്പിച്ചിരുന്നു. രാജ്യത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിന്നു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് യാത്ര നടത്തുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. മണ്‍സൂണിന് ശേഷമോ വര്‍ഷാവസാനമോ യാത്ര നടക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ആദ്യഘട്ടം കന്യാകുമാരിയില്‍ നിന്നും കശ്മീര്‍ വരെയായിരുന്നു. യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. തൊഴിലില്ലായ്മ, വിലക്കയറ്റം, അസമത്വം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ യാത്രയിലൂടെ പാര്‍ട്ടി വിജയിച്ചു. പോര്‍ബന്ദറില്‍ നിന്നും അസമിലേക്കുള്ള പദയാത്രയെ കുറിച്ച് നടക്കാനിരിക്കുന്ന സെഷനില്‍ തീരുമാനമെടുക്കുമെന്നും മുതിര്‍ന്ന പാര്‍ട്ടി നേതാവ് അറിയിച്ചു. ആദ്യഘട്ടം പോലെ പദയാത്ര വേണ്ടെന്നും മറ്റേതെങ്കിലും രീതിയിലുള്ള പ്രചാരണം മതിയെന്നുമാണ് പാര്‍ട്ടി അഭിപ്രായം.