നാദാപുരം: ഗ്രാമപഞ്ചായത്തിലെ 23% വരുന്ന യുവജനങ്ങള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിന് വേണ്ടി 8,9, 11,12 വാര്‍ഡുകളുടെ നേതൃത്വത്തില്‍ തൊഴില്‍സഭ ചേലക്കാട് എം.എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സംരംഭകരാകാന്‍ താല്‍പര്യമുള്ളവര്‍, ഡിഗ്രി പാസായവര്‍, പ്ലസ് ടു വരെയുള്ളവര്‍ എന്നിങ്ങനെ മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞ് സാധ്യതകള്‍ മനസ്സിലാക്കുകയും ഡി.ഡബ്ല്യു.എം.എസ് (ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം ) ആപ്പില്‍ പങ്കെടുത്തവരുടെ പേര് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ പരിശീലനം നല്‍കുകയും ചെയ്യുന്നതാണ്. തൊഴില്‍സഭയില്‍ പങ്കെടുത്തവര്‍ക്ക് അവരുടെ അഭിരുചി അനുസരിച്ച് തൊഴില്‍ ലഭിക്കുന്നതിനുള്ള സഹായം പഞ്ചായത്ത് നല്‍കുന്നതാണ്. ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ 166 സംരംഭങ്ങള്‍ നാദാപുരത്ത് ആരംഭിച്ചിട്ടുണ്ട്.അതിന്റെ തുടര്‍ച്ചയായാണ് തൊഴില്‍സഭ സംഘടിപ്പിച്ചത്. പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സി സുബൈര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, കില ഫാക്കല്‍റ്റി ഗംഗാധരന്‍ മാസ്റ്റര്‍ , പി.സി ലിനീഷ് എന്നിവര്‍ ക്ലാസെടുത്തു. മെമ്പര്‍മാരായ എ.കെ ദുബീര്‍ മാസ്റ്റര്‍, സുനിത ഇടവത്ത്കണ്ടി , വ്യവസായ വകുപ്പ് ഇന്റേണ്‍ ട്രെയിനീ അഞ്ജലി, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ബീന, ടെക്നിക്കല്‍ അസിസ്റ്റന്റ് ഷീമ , റിസോഴ്‌സ് പേഴ്‌സണ്‍ ആശിഫ എന്നിവര്‍ സംസാരിച്ചു. മെമ്പര്‍ എ.കെ ബിജിത്ത് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ടി.പ്രേമാനന്ദന്‍ നന്ദിയും പറഞ്ഞു.