തിരുവനന്തപുരം: ഖത്തര്‍ കെ.എം.സി.സിയുടെ നോര്‍ക്ക അഫിലിയേഷനുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് നോര്‍ക്ക. നോര്‍ക്ക എന്നത് പ്രവാസികളായ മലയാളികളുടേ ക്ഷേമം സംബന്ധിച്ച് വിവിധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്നതും സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടും അതുപോലെ സ്വതന്ത്രമായ വരുമാനവും ആശ്രയിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു സ്ഥാപനമാണ്. വിദേശ രാജ്യങ്ങളിലെ മലയാളികളുടെ എല്ലാ തരത്തിലുമുള്ള ഒരുമയാണ് നോര്‍ക്കയും സംസ്ഥാന സര്‍ക്കാരും ലക്ഷ്യമിടുന്നത്.
വിഭാഗീയത പ്രോത്സാഹിപ്പിക്കുന്നതും ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ വിദേശ രാജ്യങ്ങളിലെ മലയാളി അസോസിയേഷനുകള്‍ക്ക് അഫിലിയേഷന്‍ നല്‍കേണ്ടതില്ല എന്നത് നേരത്തേയുള്ള തീരുമാനമാണ്. ഈ സാഹചര്യത്തില്‍ അസോസിയേഷനുകളുടെ അഫിലിയേഷന്‍ നടപടികള്‍ സ്വീകരിക്കാതെ നീട്ടിവച്ചിരുന്നു. അഫിലിയേഷനുവേണ്ടിയുള്ള ഖത്തര്‍ കെ.എം.സി.സിയുടെ അപേക്ഷ നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് പരിശോധിക്കുകയും ഇക്കാര്യത്തില്‍ വേണ്ട അന്വേഷണം നടത്തി ബോര്‍ഡിന് സമര്‍പ്പിക്കാന്‍ റസിഡന്റ് വൈസ് ചെയര്‍മാന്റെ നേതൃത്വത്തിലുള്ള ഒരു സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഖത്തര്‍ കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ സമിതി അവര്‍ക്ക് അഫിലിയേഷന്‍ നല്‍കാവുന്നതാണെന്ന നിലപാടാണ് സ്വീകരിച്ചത്. ഭാവിയിലും ഒരു തരത്തില്‍ ഉള്ള വിഭാഗീയതയും പ്രോത്സാഹിപ്പിക്കുകയില്ല എന്ന സത്യവാങ്മൂലം സമര്‍പ്പിക്കപ്പെട്ട ശേഷം ഖത്തര്‍ കെ.എം.സി.സിക്ക് അംഗീകാരം നല്‍കാവുന്നതാണെന്ന് കഴിഞ്ഞ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. ഇതിന് ഒരു തരത്തിലുള്ള രാഷ്ട്രീയ മാനങ്ങളും നല്‍കേണ്ടതില്ല. ഈ തീരുമാനം ഒരു രാഷ്ട്രീയ തീരുമാനവും അല്ല.
ലീഗിന് ഇടതുമുന്നണിയിലേക്കുള്ള പാലമാണ് നോര്‍ക്ക വഴി ഇട്ടിരിക്കുന്നത് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ എല്ലാം ദുര്‍വ്യാഖ്യാനമാണ്. കെ.എം.സി.സിക്ക് മാത്രമല്ല വിഭാഗീയത പ്രോത്സാഹിപ്പിക്കില്ല എന്ന് ബോര്‍ഡിന് ബോധ്യമാകുന്ന എല്ലാ അസോസിയേഷനുകള്‍ക്കും ഈ പരിഗണന ലഭിക്കും. ഏത് സംഘടനയുടേയും അപേക്ഷകള്‍ ഓരോന്നായി പരിഗണിച്ച് ഭാവിയില്‍ അഫിലിയേഷന്‍ നല്‍കാമോ ഇല്ലയോ എന്ന് തീരുമാനിക്കും. ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ അനാവശ്യമാണെന്നും അര്‍ഹിക്കുന്ന അവഗണനയോടെ അതെല്ലാം തള്ളിക്കളയണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
പ്രവാസികള്‍ക്ക് മതമോ രാഷ്ട്രീയമോ ഇല്ല. പ്രവാസിയുടെ മതവും രാഷ്ട്രീയവും പ്രവാസ ലോകത്ത് മാത്രമുള്ളതാണ്. ഒറ്റക്കെട്ടായി പ്രവാസികള്‍ക്ക് നോര്‍ക്ക വഴിയുള്ള സേവനങ്ങള്‍ അറിയിക്കാന്‍ വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കണെമെന്ന സന്ദേശവും ഇതുവഴി ലക്ഷ്യമിടുന്നു. അതിനായി എല്ലാവര്‍ക്കും അവസരം നല്‍കുന്നതാണ്. ആഗോള മലയാളികളുടെ കൂട്ടായ്മ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയമാനത്തോടെ കാണുന്ന രീതി മാധ്യമങ്ങള്‍ ഉപേക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി നോര്‍ക്ക അറിയിച്ചു.