മോദിയുടെ വിദേശസന്ദര്‍ശനത്തിന്റെ ലാഭം ലഭിച്ചത് അദാനിക്ക്; അദാനി-മോദി ബന്ധത്തെ ആക്രമിച്ച് പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി

മോദിയുടെ വിദേശസന്ദര്‍ശനത്തിന്റെ ലാഭം ലഭിച്ചത് അദാനിക്ക്; അദാനി-മോദി ബന്ധത്തെ ആക്രമിച്ച് പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ അദാനി-മോദി ബന്ധത്തെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. നന്ദി പ്രമേയ ചര്‍ച്ചയില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനെയിരേ ഭരണപക്ഷ അംഗങ്ങളും സ്പീക്കറും ചോദ്യം ചെയ്തിട്ടും അതിനെ അവഗണിച്ച് വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഭാരത് ജോഡോ യാത്ര വിജയകരമെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ഇന്ത്യയൊട്ടാകെയുള്ള ജനങ്ങള്‍ക്ക് പറയാനുള്ളത് കേട്ടു. തൊഴിലില്ലായ്മ, വിലക്കയറ്റം അങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ ജനങ്ങള്‍ പങ്കുവച്ചു. കര്‍ഷകര്‍ അവരുടെ പ്രശ്‌നങ്ങള്‍ പറഞ്ഞു. ഉല്‍പന്നങ്ങള്‍ക്ക് വിലയില്ലെന്ന പരാതി കേട്ടു. ആദിവാസികള്‍ അടക്കമുള്ളവര്‍ അവരുടെ പ്രശ്‌നങ്ങള്‍ പറഞ്ഞു. അഗ്നിവീറുകള്‍ക്ക് പറയാനുള്ളതും കേട്ടു. പദ്ധതിയില്‍ പെന്‍ഷന്‍ ഇല്ലാത്തതിലെ ആശങ്ക പങ്കുവച്ചു. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളില്‍ ജനം വീര്‍പ്പുമുട്ടുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇതിനു ശേഷമാണ് അദാനി – മോദി കൂട്ട്‌കെട്ടിനെ കുറിച്ച് രാഹുല്‍ സംസാരിച്ചു തുടങ്ങിയത്. തന്റെ യാത്രയില്‍ രാജ്യം മുഴുവന്‍ കേട്ടത് അദാനിയെന്ന നാമമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും ആ പേര് കേട്ടു. അദാനി എങ്ങനെ ഇത്രയും വിജയിച്ചുവെന്നാണ് ജനത്തിന് അറിയേണ്ടത്. എല്ലാ മേഖലകളിലും എങ്ങനെ വിജയിച്ചുവെന്നതിന്റെ ഉത്തരം പ്രധാനമന്ത്രിയാണ്. അദാനിയും മോദിയുമായുള്ള ചിത്രം ഉയര്‍ത്തി രാഹുല്‍ പ്രസംഗം തുടര്‍ന്നു. മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുതലുള്ള ബന്ധമാണ് അദാനിയുമായുള്ളത്. അദാനി പ്രധാനമന്ത്രിയോട് വിധേയനാണ്. ഗുജറാത്തിന്റെ വികസനത്തിന് കളമൊരുക്കിയത് അദാനിയാണ്. അതുവഴി അദാനിയുടെ വ്യവസായവും ഉയര്‍ച്ച നേടി. ആ ബന്ധം അദാനിയെ ലോകത്തെ രണ്ടാമത്തെ സമ്പന്നനാക്കി.

രാജ്യത്തെ വിമാനത്താവളങ്ങള്‍ ചട്ടങ്ങള്‍ മറികടന്ന് അദാനിക്ക് നല്‍കി. വിമാനത്താവളങ്ങള്‍ നടത്തി പരിചയമില്ലാത്തവരെ അതിന്റെ നടത്തിപ്പ് ഏല്‍പിക്കരുതെന്ന നിയമം മറികടന്നു കൊണ്ടാണ് അദാനിക്ക് വിമാനത്താവളങ്ങള്‍ കൈമാറിയത്. ആറ് വിമാനത്താവളങ്ങള്‍ അദാനിയുടെ നിയന്ത്രണത്തിലായി. പ്രധാനമന്ത്രിയാണ് എല്ലാത്തിനും സൗകര്യമൊരുക്കിയത്. അതുപോലെ പ്രതിരോധ, ആയുധ നിര്‍മ്മാണ മേഖലകളിലും അദാനിക്ക് പ്രാതിനിധ്യം നല്‍കി. 2014 ന് ശേഷം അദാനിയുടെ ആസ്തി പലമടങ്ങ് വര്‍ധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. മോദിയുടെ വിദേശ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ആനുകൂല്യം കിട്ടുന്നത് അദാനിക്കെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
ഇന്ത്യയുടെ വിദേശനയത്തിന്റെ പ്രയോജനം കിട്ടുന്നതും അദാനിക്ക്. പൊതു മേഖലാ ബാങ്കുകളും, എല്‍.ഐ.സിയും അദാനിക്ക് തീറെഴുതി. ഇവിടങ്ങളിലെ സാധാരണക്കാരുടെ പണം അദാനി ഗ്രൂപ്പിന്റെ കൈയിലെത്തിയിട്ടുണ്ട്. എത്ര തവണ അദാനിയുമായി വിദേശയാത്ര നടത്തി, എത്ര കരാറുകള്‍ അതിന് ശേഷം ഒപ്പിട്ടു, തുടങ്ങിയ ചോദ്യങ്ങളും പ്രധാനമന്ത്രിയോട് രാഹുല്‍ ചോദിച്ചു. സര്‍ക്കാര്‍ പിന്തുണയോടെ എങ്ങനെ ധനം സമ്പാദിക്കാമെന്നതിന്റെ ഉദാഹരണമാണ് അദാനിയെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെതിരേ മന്ത്രി കിരണ്‍ റിജ്ജു അടക്കമുള്ളവര്‍ പാര്‍ലമെന്റ് ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *