കോഴിക്കോട്: സംസ്ഥാനത്ത് ഇനി വെള്ളവും പൊള്ളും എന്ന സ്ഥിതിയായിരിക്കുകയാണെന്ന് ആര്‍.ജെ.ഡി സംസ്ഥാന അധ്യക്ഷ അനുചാക്കോ ആരോപിച്ചു. നിയമസഭയെ അറിയിക്കാതെ വെള്ളക്കരം വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ഇത് ചട്ട വിരുദ്ധമാണ്. ബജറ്റ് സമ്മേളനം നടക്കുന്നതിനിടയില്‍ ബജറ്റ് അവതരിപ്പിച്ച ദിവസം തന്നെ വെള്ളക്കരം വര്‍ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് സഭ അറിയാതെ പ്രാബല്യത്തില്‍ വരുത്തിയ നടപടി നിയമസഭയുടെ പ്രിവിലേജ് ലംഘനവും സഭയോടുള്ള അവഹേളനവുമാണെന്ന് അനു ചാക്കോ ആരോപിച്ചു. ലിറ്ററിന് ഒരു പൈസയുടെ അധിക വര്‍ധനവേ ഏര്‍പ്പെടുത്തിയിട്ടുള്ളു എന്നാണ് സര്‍ക്കാര്‍ പറയുന്ന ന്യായം. എന്നാല്‍ ഇതു മൂലം ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇനി 1000 ലിറ്ററിന് പത്ത് രൂപ അധികം നല്‍കണം. ഒരു ചെറിയ കുടുംബം പ്രതിദിനം 1000 മുതല്‍ 1500 ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കുകയെന്ന് അനുചാക്കോ ചൂണ്ടിക്കാട്ടി.
പുതുക്കിയ വെള്ളക്കരം അനുസരിച്ച് ഇത്തരം ഒരു കുടുംബം മാസം തോറും ശരാശരി 300 മുതല്‍ 450 രൂപ വരെ കൂടുതലായി നല്‍കേണ്ടി വരും. സംസ്ഥാനത്ത് 27 ലക്ഷം പൈപ്പ്ലൈന്‍ കണക്ഷനുകളാണുള്ളത്. ഇതില്‍ 22 ലക്ഷവും ഗാര്‍ഹിക ഉപഭോക്താക്കളാണ്. വെള്ളക്കരം കൂട്ടുന്നതിലൂടെ പ്രതിമാസം ജനങ്ങളില്‍ നിന്നും 350 കോടി രൂപ അധികമായി പിരിച്ചെടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജലഅതോറിറ്റിയുടെ സാമ്പത്തിക നഷ്ടം പരിഹരിക്കുകയാണ് വിലവര്‍ധനവിന്റെ ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വാട്ടര്‍ അതോറിറ്റിയുടെ നഷ്ടം നികത്താന്‍ ചാര്‍ജ് വര്‍ധിപ്പിക്കുകയല്ല കെടുകാര്യസ്ഥത ഇല്ലാതാക്കുകയും ധൂര്‍ത്തും അധികച്ചിലവും നിയന്ത്രിക്കുകയുമാണ് വേണ്ടതെന്ന് അനുചാക്കോ ചൂണ്ടിക്കാട്ടി. വെള്ളക്കരത്തിനു പുറമേ ബസ് ചാര്‍ജും ഇലക്ട്രിസിറ്റി ചാര്‍ജും ബജറ്റിനു തൊട്ടു മുമ്പ് വര്‍ധിപ്പിച്ചിരുന്നു. ഒരു ഇടതുപക്ഷ സര്‍ക്കാരിനു യോജിച്ച നിലപാടാണോ ഇതെന്ന് സി.പി.എം, സി.പി.ഐ പോലുള്ള ഇടതുകക്ഷികള്‍ ആലോചിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.