ചാലക്കര പുരുഷു
മാഹി: വിഖ്യാത നര്‍ത്തകിയും, കലാഗ്രാമം നൃത്ത വിഭാഗം മേധാവിയുമായ ഷഹനാസും ശിഷ്യരും എം.ഗോവിന്ദന്‍ ഓഡിറ്റോറിയത്തില്‍ അവതരിപ്പിച്ച ഭരതനാട്യം, കുച്ചിപ്പുടി അരങ്ങേറ്റ പരിപാടികള്‍ അവതരണം കൊണ്ടും, ആശയംകൊണ്ടും അനുവാചകര്‍ക്ക് നവ്യാനുഭവമായി. അന്‍വിത ജിതേഷ്, ഗൗരി നന്ദ അനീശന്‍, ദേവനന്ദ നമ്പ്യാര്‍, ദൃശ്യ ദിലീപ് രാജ്, ദേവഹര പ്രശാന്ത് എന്നിവര്‍ അവതരിപ്പിച്ച പുഷ്പാഞ്ജലിയോടെയാണ് അരങ്ങുണര്‍ന്നത്. ഷഹനാസ്, അഡ്വ.എന്‍.കെ സജ്‌ന ശിവദാസ്, വിനീത അരവിന്ദ്, ഷീന പ്രശാന്ത്, ദേവനന്ദ, സുരേഷ് ദേവ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ ദശാവതാര രാഗമാലികാവര്‍ണ്ണന സുവിധിതമായ കുച്ചിപ്പുടിയുടെ ആത്മീയമായ അടിസ്ഥാന പ്രമാണങ്ങളത്രയും ജയദേവ കൃതികളെ ആവാഹിച്ചുള്ളതായി. നാട്യകലയിലുള്ള ഏകാഗ്രതയിലൂടെ സിദ്ധമാകുന്ന അനുഭൂതിയും, ആത്മസാക്ഷാത്കാരയത്‌നത്തിലൂടെയുള്ള അനുഭൂതിയും സമാനമാന്നെന്ന് ഇവര്‍ തെളിയിച്ചു. ദര്‍ശന ദിലീപ് രാജ്, ദര്‍ശന ദിനകരന്‍, പ്രിയങ്ക ബിനു എന്നിവര്‍ ശാന്തം, വീരം തുടങ്ങിയ ഭാവരസങ്ങള്‍, ആദ്യമായി അഭ്യസിക്കാറുളള ഇനം അലാരിപ്പും, മംഗളാചരണ രൂപത്തിലുളള കൗത്വം, തോടയമംഗളം എന്നിവയും അവതരിപ്പിച്ചു.