ശബരി റെയിലിന് 100 കോടി അനുവദിച്ച് കേന്ദ്രം; പദ്ധതി നടത്തിപ്പില്‍ കെ-റെയിലിനെ പരിഗണിക്കണമെന്ന് മുഖ്യമന്ത്രി

ശബരി റെയിലിന് 100 കോടി അനുവദിച്ച് കേന്ദ്രം; പദ്ധതി നടത്തിപ്പില്‍ കെ-റെയിലിനെ പരിഗണിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ശബരി റെയില്‍പ്പാത യാഥാര്‍ഥ്യമാകുന്നു. ശബരി റെയിലിന് 100 കോടിയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. 116 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതി 1997-98ലെ റെയില്‍വേ ബജറ്റിലാണ് ആദ്യമായി നിര്‍ദേശിച്ചത്. പദ്ധതിയുടെ നിര്‍മാണ ചെലവിന്റെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.

കേരളാ റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡാണ് (കെ-റെയില്‍) ശബരി റെയില്‍ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കിയത്. 3745 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റും കെ-റെയില്‍ സമര്‍പ്പിച്ചു. ശബരിമല സീസണില്‍ തീര്‍ഥാടകരെ കൊണ്ടുപോകുന്നതിനു പുറമെ, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളുടെ വാണിജ്യ, വ്യവസായ സാധ്യതകള്‍ കൂടി ഉള്‍പ്പെടുന്നതാണ് കെ-റെയില്‍ സമര്‍പ്പിച്ച വിശദ പദ്ധതി റിപ്പോര്‍ട്ട്. 1997-98 വര്‍ഷത്തെ റെയില്‍വേ ബജറ്റിലാണ് അങ്കമാലി -ശബരി റെയില്‍ പദ്ധതി ആദ്യമായി നിര്‍ദേശിക്കപ്പെടുന്നത്. 2022-23 റെയില്‍വേ പിങ്ക് ബുക്കില്‍ പദ്ധതി ഉള്‍പ്പെട്ടിരുന്നു. അങ്കമാലിയും പ്രസിദ്ധമായ ശബരിമല ക്ഷേത്രത്തിന്റെ പ്രവേശന കവാടമായ എരുമേലിയും തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതി ഹൈറേഞ്ച് ജില്ലയായ ഇടുക്കിയേയും കേരളത്തിന്റെ പ്രാന്തപ്രദേശങ്ങളേയും ബന്ധിപ്പിക്കും.

എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന പദ്ധതി ഈ മേഖലയിലെ സാമ്പത്തിക വികസനത്തിന് വേഗം കൂട്ടും. പദ്ധതി നടപ്പാക്കുന്നതിനു കെ-റെയിലിനെ പരിഗണിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിനിന്നുള്ള ഏകദേശം അഞ്ചു കോടിയോളം തീര്‍ഥാടകരാണ് വര്‍ഷം തോറും ശബരിമലയിലെത്തുന്നത്. ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ശബരിമല ക്ഷേത്രത്തിന്റെ പ്രധാന വരുമാന സ്രോതസ്സാണ് ഈ തീര്‍ഥാടക പ്രവാഹം. വര്‍ഷം തോറും വര്‍ധിച്ചു വരുന്ന തീര്‍ഥാടക ലക്ഷങ്ങളുടെ ബാഹുല്യത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഗതാഗത സംവിധാനങ്ങള്‍ ഇവിടെയില്ല. അപര്യാപ്തമായ പൊതുഗതാഗത സംവിധാനമാകട്ടെ, ചെലവേറിയതുമാണ്. ഗതാഗത സംവിധാനം മെച്ചപ്പെട്ടാല്‍ തീര്‍ഥാടകരുടെ എണ്ണവും അതുവഴി വരുമാനവും വര്‍ധിക്കും. റെയില്‍ ഗതാഗതം യാത്രാ ചെലവു കുറക്കുന്നതോടൊപ്പം യാത്രാ സമയവും കുറക്കും. വിനോദ സഞ്ചാര മേഖലയിലും വ്യാവസായിക മേഖലയിലും ഈ പദ്ധതി വന്‍ കുതിച്ചു ചാട്ടത്തിനു തന്നെ വഴിയൊരുക്കും.

കേരളത്തിന്റെ റെയില്‍വേ വികസന പാതയില്‍ വലിയ വഴിത്തിരിവാകുന്ന പദ്ധതിയാണ് അങ്കമാലി -ശബരി റെയില്‍പ്പാത. തീവണ്ടികളില്ലാത്ത ഇടുക്കി ജില്ലയ്ക്ക് തീവണ്ടിപ്പാത ലഭിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന നേട്ടം. കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഇടുക്കിക്ക് അത് വലിയ നേട്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശബരിമലയ്ക്ക് സമീപം അങ്കമാലി മുതല്‍ എരുമേലി വരെ 110 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍പ്പാത പൂര്‍ത്തിയാകുന്നതോടെ പാലാ, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍, അങ്കമാലി എന്നീ അഞ്ച് മുനിസിപ്പാലിറ്റികള്‍ക്കും കേരളത്തിലെ 11 ചെറുപട്ടണങ്ങള്‍ക്കും പുതിയ റെയില്‍വേ സ്റ്റേഷനുകള്‍ ലഭിക്കും.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *