മാഹി: കേരളത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വീണ്ടും നികുതി വര്‍ധിപ്പിച്ചതോടെ, മാഹിയിലെ പെട്രോള്‍ പമ്പുകളിലേക്ക് കേരളത്തിലെ വാഹനങ്ങളുടെ കുത്തൊഴുക്ക്. പെട്രോളിന് ലിറ്ററിന് 12.05 രൂപയുടേയും, ഡീസലിന് 11.08 രൂപയുടേയും വില വ്യത്യാസം മാഹിയിലുണ്ട്.
കേരളത്തില്‍ പെട്രോളിന് 105.85 രുപയും, ഡീസലിന് 94.80 രൂപയുമുള്ളപ്പോള്‍ മാഹിയില്‍ യഥാക്രമം 93.80 രൂപയും 83.72 രൂപയുമാണ് വില. കഴിഞ്ഞ എട്ട് മാസക്കാലമായി മാഹിയില്‍ ഇന്ധനവിലയില്‍ വര്‍ധനവില്ലാതെ തുടരുകയാണ്. ഇതോടെ കേരളത്തേക്കാള്‍ മാഹിയില്‍ പെട്രോളിനും ഡീസലിനുമുള്ള വിലയിലെ അന്തരത്തിന് ഗണ്യമായ മാറ്റം വന്നു.
പുതുച്ചേരി സര്‍ക്കാര്‍ നിലവിലെ പെട്രോള്‍ വാറ്റ് നികുതി 21.90% ത്തില്‍ നിന്ന് 13. 32% മായും, ഡീസല്‍ 16.15 % ത്തില്‍ നിന്ന് 6.91 % മായും നേരത്തെ കുറച്ചിരുന്നു. കേന്ദ്ര എക്‌സൈസ് നികുതി കുറച്ച് മണിക്കൂറുകള്‍ക്കകമാണ് വാറ്റ് നികുതിയും കുറച്ചിരുന്നത്. കേരളത്തില്‍ വാറ്റ് നികുതി കുറയ്ക്കാത്ത സാഹചര്യത്തിലാണ് വിലയിലെ അന്തരം വര്‍ദ്ധിച്ചത്.
നിലവില്‍ തന്നെ നഗരത്തില്‍ വിയര്‍ത്തൊലിച്ച് പോലിസ് ട്രാഫിക് വിഭാഗം ഗതാഗത നിയന്ത്രണം നടത്തിയിട്ടും നഗരം വീര്‍പ്പ് മുട്ടുകയാണ്. മാഹി പാലം മുതല്‍ പുഴിത്തല വരെയുള്ള ഒന്നര കിലോമീറ്റര്‍ ദേശീയപാത പിന്നിടാന്‍ അര മണിക്കൂര്‍ നേരമെങ്കിലും വേണ്ടിവരുന്ന അവസ്ഥയാണ് നിലവിലുള്ളത്. പമ്പുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വാഹനങ്ങളുടെ നിര ദേശീയപാതയിലേക്ക് നീളുകയാണ്. വീതി കുറഞ്ഞ ദേശീയപാതയില്‍ ഇത് ഗതാഗതക്കുരുക്കിന്നിടയാക്കുകയാണ്. മറികടക്കാന്‍ വഴിയില്ലാതെ പോലിസും കുഴയുകയാണ്.