പ്രവാസിക്ഷേമത്തിന് ബജറ്റ് വിഹിതമനുവദിച്ച കേരളസര്‍ക്കാരിന് അഭിനന്ദനങ്ങള്‍: കേരള പ്രവാസിസംഘം

പ്രവാസിക്ഷേമത്തിന് ബജറ്റ് വിഹിതമനുവദിച്ച കേരളസര്‍ക്കാരിന് അഭിനന്ദനങ്ങള്‍: കേരള പ്രവാസിസംഘം

കോഴിക്കോട്: പ്രവാസി ക്ഷേമപദ്ധതികള്‍ക്ക് വിഹിതമനുവദിച്ച കേരളസര്‍ക്കാറിനെ കേരള പ്രവാസിസംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. പ്രവാസികളെ പാടെ അവഗണിച്ചു കൊണ്ടുള്ള കേന്ദ്രബജറ്റ് ലോക്സഭയില്‍ അവതരിപ്പിക്കപ്പെട്ടത് രണ്ടു ദിവസം മുമ്പാണ്. ഇതില്‍ നിന്നു തികച്ചും വ്യത്യസ്തമായ സമീപനമാണ് പ്രവാസിവിഷയത്തില്‍ കേരള സര്‍ക്കാര്‍ ബജറ്റില്‍ സ്വീകരിച്ചത്. ഏറെ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രവാസികളുടെ പുനരധിവാസത്തിന് ഒന്നും കേന്ദ്രബജറ്റില്‍ വകയിരുത്തിയിട്ടില്ല എന്ന് മാത്രമല്ല ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന് അര്‍ഹമായ വിഹിതം പോലും കേന്ദ്രം നിഷേധിച്ചു കൊണ്ടിരിക്കുകയാണ്.

കേരള ബജറ്റില്‍ ഉള്‍പ്പെടുത്തിയ പ്രവാസി ക്ഷേമപദ്ധതികളില്‍ ചിലത്

  • വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന നോര്‍ക്ക അസിസ്റ്റന്റ് ആന്‍ഡ് മൊബിലൈസ് എംപ്ലോയ്മെന്റ് (NAME) എന്ന പദ്ധതി മുഖേന ഓരോ പ്രവാസിക്കും പരമാവധി 100 തൊഴില്‍ ദിനങ്ങള്‍ എന്ന നിരക്കില്‍ ഒരു വര്‍ഷം ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതിക്കായി അഞ്ചു കോടി രൂപ വകയിരുത്തി
  • തിരിച്ചെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും അവര്‍ക്കാവശ്യമായ പുതിയ നൈപുണ്യവികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനുമായി വിവിധ പദ്ധതികളില്‍ 84.60 കോടി രൂപ വകയിരുത്തി
  • തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 25 കോടി രൂപ വകയിരുത്തി.
  • മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി ആകെ 50 കോടി രൂപ വകയിരുത്തി
  • കുറഞ്ഞ വരുമാനമുള്ള പ്രവാസികള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ കുടുംബശ്രീ മുഖേന പലിശരഹിത വായ്പ വഴി നല്‍കുന്ന പദ്ധതി തുടരും
  • തിരിച്ചെത്തിയ പ്രവാസികള്‍ക്കും മരണമടഞ്ഞ പ്രവാസികളുടെ ആശ്രിതര്‍ക്കും സമയബന്ധിതമായി ധനസഹായം നല്‍കുന്ന സാന്ത്വന പദ്ധതിക്ക് 33 കോടി രൂപ വകയിരുത്തി
  • പ്രവാസി ക്ഷേമനിധി ബോര്‍ഡ് മുഖേനയുള്ള ക്ഷേമപദ്ധതികള്‍ക്കായി 15 കോടി രൂപ വകയിരുത്തി
  • പ്രവാസി ഡിവിഡന്‍ഡ് ഫണ്ട് 5 കോടി അനുവദിച്ചു. ക്ഷേമനിധി ബോര്‍ഡിന്റെ ഹൗസിങ്ങ് പദ്ധതിക്ക് ഒരു കോടിയും അനുവദിച്ചു.
  • എയര്‍പോര്‍ട്ടുകളില്‍ നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സുകള്‍ക്ക് 60 ലക്ഷം രൂപ വകയിരുത്തി.
  • രണ്ടാമത്തെയും മൂന്നാമത്തെയും ലോകകേരള സഭയുടെ പ്രായോഗികമായ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനും ലോകകേരളസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കായും 2.5 കോടി രൂപ വകയിരുത്തി.
  • നോര്‍ക്ക വകുപ്പിന്റെ മാവേലിക്കരയിലുള്ള അഞ്ചേക്കര്‍ ഭൂമിയില്‍ ലോകകേരള കേന്ദ്രം സ്ഥാപിക്കുന്നതിന് ഒരു കോടി രൂപ നീക്കിവച്ചു.
  • ഐ.ഇ.എല്‍.ടി.എസ്, ഒ.ഇ.ടി പരീക്ഷകളുടെ പരിശീലനത്തിനുള്ള സാമ്പത്തിക സഹായം എന്ന നിലയില്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്ന നോര്‍ക്ക പദ്ധതിക്ക് രണ്ട് കോടി രൂപ വകയിരുത്തി

പ്രവാസികള്‍ നല്‍കേണ്ടി വരുന്ന ഉയര്‍ന്ന വിമാന നിരക്ക് നിയന്ത്രിക്കുന്നതിനായി 15 കോടി കോര്‍പസ് ഫണ്ട് അനുവദിച്ചു. ഇക്കാര്യത്തില്‍ വിവിധ പ്രവാസി സംഘടനകളുമായും ആഭ്യന്തര വിദേശ എയര്‍ലൈന്‍ ഓപറേറ്റര്‍മാരുമായും ട്രാവല്‍ ഏജന്‍സികളുമായും ചര്‍ച്ച നടത്തിയതായും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു

കടുത്ത പ്രതിസന്ധിയിലും കേരളത്തിലെ പ്രവാസികളെ ചേര്‍ത്തുപിടിച്ച സര്‍ക്കാര്‍ നടപടി അഭിനന്ദനാര്‍ഹമാണെന്ന് കേരളപ്രവാസിസംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി സി. ഇഖ്ബാല്‍, പ്രസിഡണ്ട് കെ. സജീവ് കുമാര്‍ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *